ഏഴാംവട്ട ചര്‍ച്ചയും പരാജയം; താങ്ങുവിലയില്‍ മാത്രം വിട്ടുവീഴ്‍ചയെന്ന നിര്‍ദേശം കര്‍ഷകര്‍ തള്ളി

ജനുവരി എട്ടിന് വീണ്ടും ചര്‍ച്ച നടത്തും
ഏഴാംവട്ട ചര്‍ച്ചയും പരാജയം; താങ്ങുവിലയില്‍ മാത്രം വിട്ടുവീഴ്‍ചയെന്ന നിര്‍ദേശം കര്‍ഷകര്‍ തള്ളി

ന്യൂഡല്‍ഹി: സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഏഴാംവട്ട ചര്‍ച്ചയും പരാജയം. വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചു നിന്നു. താങ്ങുവിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയാകാം എന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നു. മറ്റന്നാള്‍ മുതല്‍ പ്രഖ്യാപിച്ച സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയത്. തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയിക്കഴിഞ്ഞു. കാര്‍ഷിക മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ നിയമങ്ങള്‍ എന്നും കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി.

നാലിന അജണ്ട മുന്‍നിര്‍ത്തിയാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞ തവണ തയ്യാറായത്. ഇതില്‍ രണ്ട് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തിരുന്നു. വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ്, വൈദ്യുതി ചാര്‍ജുമായി ബന്ധപ്പെട്ട നിയമം എന്നിവയില്‍ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം തയ്യാറായിരുന്നു. എന്നാല്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാട് ഇന്നത്തെ ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു. ഇതോടെയാണ് കേന്ദ്ര സര്‍ക്കാരും നിലപാട് വ്യക്തമാക്കിയത്.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയെന്നത് ആത്മഹത്യാപരമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. ദേശീയ പൗരത്വ നിയമം, ആര്‍ട്ടിക്കിള്‍ 370, ലേബര്‍ കോഡ് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന സാഹചര്യമുണ്ടായാല്‍ ഈ വിഷയങ്ങളിലും പ്രക്ഷോഭവുമായി മറ്റുസംഘടനകള്‍ രംഗത്തെത്താനുള്ള സാധ്യതയുണ്ട്. അക്കാര്യംകൂടി മുന്‍നിര്‍ത്തിയാണ് കേന്ദ്രം നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതെന്നാണ് സൂചന.

അതേസമയം കര്‍ഷകര്‍ക്ക് ഉറപ്പുമായി റിലൈൻസ് കമ്പനി രംഗത്തെത്തി. റിലൈൻസിന്‍റെയും അദാനിയുടെയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ചുള്ള സമരങ്ങൾ കൂടി കര്‍ഷക സംഘടനകൾ ശക്തമാക്കുമ്പോഴാണ് കര്‍ഷകര്‍ക്ക് ഉറപ്പുമായി മുകേഷ് അംബാനിയുടെ റിലൈൻസ് ഇൻഡസ്ട്രീസ് രംഗത്തെത്തിയത്. അന്നദാതാക്കളായ കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളും, സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയിൽ കുറഞ്ഞ നിരക്കിൽ ഉല്പന്നങ്ങൾ സംഭരിക്കില്ല, കരാര്‍ കൃഷി നടത്തില്ല, കൃഷി ഭൂമി വാങ്ങില്ല എന്നീ ഉറപ്പുകളാണ് പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകര്‍ക്ക് റിലൈൻസ് നൽകുന്നത്.

എന്നാല്‍ റിലൈൻസിന്‍റെ ഉറപ്പല്ല, സര്‍ക്കാരിന്‍റെ ഉറപ്പാണ് വേണ്ടതെന്ന് കര്‍ഷക സംഘടനകൾ പ്രതികരിച്ചു. അതിനിടെ പഞ്ചാബിലിലും ഹരിയാനയിലും ജിയോ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് റിലൈൻസ് പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ജിയോ ടവറുകൾ കര്‍ഷകര്‍ തകര്‍ത്തിരുന്നു.

പ്രതികൂല കാലാവസ്ഥയും മഴയും കൊടും തണുപ്പും അവഗണിച്ചാണ് കര്‍ഷക സംഘടനകള്‍ നാല്‍പ്പതാം ദിവസവും സമരം തുടരുന്നത്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാത്തപക്ഷം പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ സമാന്തര പരേഡ് അടക്കമുള്ളവ നടത്താന്‍ കര്‍ഷകര്‍ ആലോചിക്കുന്നുണ്ട്. ആറാം തീയതി ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി എട്ടിന് വീണ്ടും ചര്‍ച്ച നടത്തും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com