
പുണെ: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിൻ സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1,000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സ്ഥാപന മേധാവി അദാർ പൂനവാല. അഞ്ച് കോടി ഡോസ് വാക്സിനുകൾക്ക് അധികൃതരുടെ അനുമതി ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
'വാക്സിൻ നിർമാണത്തിനായി സെറം ഇൻസ്റ്റിറ്റ്യൂട്ട് സഹിക്കേണ്ടിവന്ന പ്രയാസങ്ങൾക്കെല്ലാം ഒടുവിൽ ഫലം ലഭിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ കോവിഡ് 19 വാക്സിന് അനുമതി ലഭിച്ചിരിക്കുന്നു. വരുന്ന ആഴ്ചകളിൽ വാക്സിൻ വിതരണം ചെയ്യപ്പെടും', അദാർ പൂനവാലെ ട്വീറ്റ് ചെയ്തു.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന് കോവിഡിനെതിരെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രതിരോധ മരുന്നാണെന്നും പൂനാവാല പറഞ്ഞു. വാക്സിന് കയറ്റുമതി സംബന്ധിച്ച് സൗദി അറേബ്യ അടക്കം ഏതാനും രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലവില്‍ വാക്സിന്റെ കയറ്റുമതി സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മറ്റു രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും പൂനാവാല പറഞ്ഞു.
മിനിറ്റിൽ 5,000 ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ശേഷിയുണ്ടെന്നും പൂനവാല പറഞ്ഞു.