സെക്രട്ടറിയേറ്റില്‍ വൻസുരക്ഷ; സായുധ പൊലീസിന്റെ കാവൽ ഇന്ന് മുതൽ

തുടർച്ചായി സർക്കാരിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതും സുരക്ഷാ വർധിപ്പിക്കാൻ കാരണമായി
സെക്രട്ടറിയേറ്റില്‍ വൻസുരക്ഷ;  സായുധ പൊലീസിന്റെ കാവൽ ഇന്ന് മുതൽ

തിരുവനന്തപുരം: സുരക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റില്‍ ഇന്നു മുതല്‍ സായുധ പൊലീസിന്റെ സുരക്ഷ ഏർപ്പെടുത്തും. സുരക്ഷാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് സായുധ പൊലീസ് സുരക്ഷയ്ക്ക് പുറമെ നിയന്ത്രണങ്ങളും കര്‍ശനമാക്കുന്നത്. തുടർച്ചായി സർക്കാരിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതും സുരക്ഷാ വർധിപ്പിക്കാൻ കാരണമായി.

സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം, സെക്രട്ടേറിയറ്റിനുള്ളില്‍ ചാടിക്കടന്നുള്ള പ്രതിഷേധങ്ങള്‍ തുടങ്ങിയവയ്ക്ക് ഇടയില്‍ സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് സെക്രട്ടേറിയറ്റില്‍ വന്‍ മാറ്റങ്ങളും നിയന്ത്രണങ്ങളും വരുന്നത്. സെക്രട്ടേറിയറ്റ് സെക്യൂരിറ്റി വിഭാഗത്തില്‍ നിന്നും സുരക്ഷയുടെ പൂര്‍ണ ചുമതല എസ്‌ഐഎസ്‌എഫ് ഏറ്റെടുക്കും.

ആദ്യ ഘട്ടത്തില്‍ 27 സേനാംഗങ്ങള്‍ ഇന്ന് സെക്രട്ടേറിയറ്റിന് സുരക്ഷ ഏറ്റെടുക്കും. 81 പേരടങ്ങുന്ന സായുധ പൊലിസ് സംഘത്തില്‍ 9 പേര്‍ വനിതകളാണ്. നിലവില്‍ വിമുക്ത ഭടന്‍മാര്‍ക്കാണ് ഗേറ്റുകളില്‍ സുരക്ഷയൊരുക്കുന്നത്. സെക്രട്ടേറിയറ്റിനുള്ളിലെ പാര്‍ക്കിംങ്ങ് നിയന്ത്രിക്കും. മന്ത്രിമാരടക്കം വിഐപികള്‍ക്ക് പ്രത്യേക ഗേറ്റ്. വിവിധ ആവശ്യങ്ങള്‍ക്കായി സെക്രട്ടേറിയറ്റിലെത്തുന്നവര്‍ക്ക് പ്രവേശനം പ്രത്യേക ഗേറ്റിലൂടെയായിരിക്കും.

ഇങ്ങനെ എത്തുന്നവരെ സുരക്ഷാ ജീവനക്കാര്‍ അനുഗമിക്കും. കര്‍ശന പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. പ്രവേശനത്തിനായി പാസ്, സ്കാനര്‍, എന്നിവയും പഴുതടച്ച സുരക്ഷയ്ക്കായി സിസിടിവി, ലൈറ്റുകള്‍, ആധുനിക സംവിധാനങ്ങളും എന്നിവയും നിലവില്‍ വരും. അനധികൃതമായി ആര്‍ക്കും പ്രവേശനമുണ്ടാകില്ല. ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയോ തീവ്രവാദ ആക്രമണമോ ഉണ്ടായാല്‍ പോലും തടയാനുതകുന്ന തരത്തിലാണ് ഇവ.

അഗ്നിസുരക്ഷാ സംവിധാനങ്ങളും പരിഷ്കരിക്കും. പരിഷ്കരണങ്ങളുടെ ഭാഗമായി പ്രധാന ഗേറ്റായ കന്റോണ്‍മെന്റ് ഗേറ്റ് 27 ലക്ഷത്തിലധികം രൂപ ചെലവിട്ട് പുനസ്ഥാപിക്കാന്‍ ഇതിനോടകം തീരമാനമായി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com