പെട്ടിമുടിയില്‍ ഇന്നും തെരച്ചില്‍ തുടരും; കാണാമറയത്ത് 15 പേര്‍
Top News

പെട്ടിമുടിയില്‍ ഇന്നും തെരച്ചില്‍ തുടരും; കാണാമറയത്ത് 15 പേര്‍

രാജമലയിലെ പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.

News Desk

News Desk

ഇടുക്കി: രാജമലയിലെ പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. ഇന്ന് കന്നിയാറില്‍ കൂടുതല്‍ തെരച്ചില്‍ നടത്താനാണ് ദൗത്യസംഘത്തിന്റെ തീരുമാനം. പുഴയില്‍ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളില്‍ ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന നടത്തും. ഇതോടൊപ്പം ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയും പരിശോധന തുടരും.

അപകടത്തില്‍ അകപ്പെട്ട 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ ആരെയും കണ്ടെത്തായില്ല. 55 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. പെട്ടിമുടി ഇന്നലെ മുഖ്യമന്ത്രിയും ഗവര്‍ണറും സന്ദര്‍ശിച്ചിരുന്നു. രാവിലെ 9.30നാണ് ഗവര്‍ണറും മുഖ്യമന്ത്രിയും അടങ്ങിയ സംഘം ആനച്ചാലില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്. ഇവിടെ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പെട്ടിമുടിയിലേക്ക് കാറിലായിരുന്നു യാത്ര. പെട്ടിമുടിയില്‍ പതിനഞ്ച് മിനിറ്റോളം സ്ഥിതി വിലയിരുത്തിയ ശേഷം തിരികെ മൂന്നാറിലേക്ക് സംഘം മടങ്ങി. ഒരു മണിയോടെ മൂന്നാര്‍ ടീ കൗണ്ടിയില്‍ അവലോകന യോഗം നടത്തി. യോഗത്തിന് മുമ്പായി മുഖ്യമന്ത്രി ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ചയും നടത്തി. അരമണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ചു.

ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തി വീട് വച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലയങ്ങളിലെ തൊഴിലാളികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരന്തത്തിനിരയായവര്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കില്ലെന്നും അറിയിച്ചു.

Anweshanam
www.anweshanam.com