പെട്ടിമുടിയിൽ നാല് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

പെട്ടിമുടിയിൽ നാല് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

നാട്ടുകാരുടെ നേതൃത്വത്തിലാണ് തിരച്ചില്‍.

ഇടുക്കി: പെട്ടിമുടിയില്‍ ദുരന്തത്തില്‍പ്പെട്ട് കാണാതായ നാലു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന ഔദ്യോഗിക തിരച്ചില്‍ അവസാനിച്ചെങ്കിലും നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ലയങ്ങള്‍ നിന്നിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍.

ചെന്നൈ ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റിയല്‍ നിന്നും എത്തിയ സംഘം ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ വഴി സ്ഥാനനിര്‍ണ്ണയം നടത്തിയ സ്ഥലങ്ങളിലായിരുന്നു പ്രധാനമായും തിരച്ചില്‍ കേന്ദ്രീകരിച്ചത്. ഇതിനായി ദുരന്ത സ്ഥലത്ത് ഹിറ്റാച്ചിയും, ജെസിബിയും അടക്കമുള്ള സംവിധാനങ്ങള്‍ എത്തിച്ചിരുന്നു. ഇതുകൂടാതെ ആഴത്തില്‍ മണ്ണെടുത്ത് മാറ്റിയുള്ള പരിശോധനയും നടത്തി വരുന്നുണ്ട്.

തിരച്ചില്‍ തുടരുമ്പോഴും ഉറ്റവരെ കണ്ടെത്തുന്നതായി ഊണും ഉറക്കവും ഉപേക്ഷിച്ച് കാത്തിരിക്കുന്നവരും ദുരന്തഭൂമിയിലുണ്ട്. തിരച്ചില്‍ നേരത്തേ അവസാനിപ്പിച്ചിരുന്നുവെങ്കിലും ബന്ധുക്കളുടെ വികാരം കണക്കിലെടുത്ത് പ്രദേശവാസികളുടെ പിന്തുണയോടെ എംഎല്‍എ എസ് രാജേന്ദ്രനാണ് രണ്ടാം ഘട്ട തിരച്ചിലിന് മുന്‍കൈയെടുത്തത്. ഈ തിരച്ചില്‍ ഒരു മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു.

വന്‍ പാറകള്‍ വന്ന് പതിച്ചതു കാരണം അപകടകരമായ സ്ഥലങ്ങളിലും തിരച്ചില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇവിടങ്ങളിലെ പാറകള്‍ പൊട്ടിച്ചോ അല്ലെങ്കില്‍ നീക്കം ചെയ്‌തോ ആയിരിക്കും തിരച്ചില്‍ തുടരുക. കാണാതായ 70 പേരില്‍ 66 പേരെ കണ്ടെത്തിയെങ്കിലും മരണാനന്തര ചടങ്ങുകള്‍ നടത്താനെങ്കിലും തങ്ങളുടെ ഉറ്റവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് നാലു കുടുംബങ്ങള്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com