
ശബരിമല: ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍ നിന്നെത്തിച്ച തിരുവാഭരണം ചാര്‍ത്തി അയ്യപ്പന് ദീപാരാധന നടന്നതിനു പിന്നാലെയാണ് പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്.
സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയും ചേര്‍ന്ന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. ദീപാരാധനയ്ക്ക് പിന്നാലെ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞു. 6.42ന് ജ്യോതി തെളിഞ്ഞപ്പോള്‍ സന്നിധാനം ശരണം വിളികള്‍ കൊണ്ട് നിറഞ്ഞു. മകരജ്യോതി കണ്ട് തീര്‍ഥാര്‍ടകര്‍ മടങ്ങി തുടങ്ങി.
തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം ചെയ്തു കൊണ്ടാണ് മകരസംക്രമ പൂജ നടന്നത്. തന്ത്രി കണ്ഠര് രാജീവര് കാര്‍മികനായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകൾ. 5000 പേർക്ക് മാത്രമായിരുന്നു ദർശനം. സന്നിധാനത്തുനിന്ന് മാത്രമേ മകരജ്യോതി ദര്‍ശിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളു. പാഞ്ചാലിമേട്, പുല്‍മേട്, പരുന്തുപാറ തുടങ്ങി സാധാരണ തീര്‍ഥാടകര്‍ തടിച്ചുകൂടാറുള്ള സ്ഥലങ്ങളില്‍നിന്നൊന്നും ഇത്തവണ വിളക്ക് കാണാന്‍ അനുവദിച്ചിരുന്നില്ല.