
ന്യൂ ഡല്‍ഹി: കാശിയിലെയും മഥുരയിലെയും പള്ളികളെ നീക്കം ചെയ്ത് ക്ഷേത്രങ്ങള്‍ ‘വിമോചി’പ്പിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. അയാധ്യ വിധിക്ക് പിന്നാലെ ഇത്തരമൊരു നീക്കത്തിനില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
അഖില ഭാരതീയ അഖാര പരിഷത് കാശി, മഥുര ക്ഷേത്രങ്ങളെ വിമോചിപ്പിക്കാന്‍ ആഹ്വാനം നല്കിയ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് മേധാവി നിലപാട് വ്യക്തമാക്കിയത്. പ്രയാഗ് രാജില്‍ നടന്ന ഒരു സമ്മേളനത്തിലാണ് അഖാര പരിഷത് ക്ഷേത്രവിമോചന ത്തിനുള്ള പ്രമേയം പാസാക്കിയത്. ബാബരി മസ്ജിദ് പൊളിച്ചതിന് ശേഷം ഇനി കാശിയും മഥുരയും ബാക്കിയുണ്ടെന്നായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ മുദ്രാവാക്യം.
സമരങ്ങളല്ല സംഘടനയുടെ രീതിയെന്നും ഭാഗവത് വ്യക്തമാക്കി. രാംജന്മഭൂമി പ്രശ്നം മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നാണ് ആര്‍എസ്എസ് കരുതുന്നത്. അത് രാജ്യത്തിന്റെ വിശ്വാസവും ഐക്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. വിജയത്തിന്റെയും പരാജയത്തിന്റെയും പ്രശ്നം വരുന്നില്ല. ക്ഷേത്രനിര്‍മാണത്തിന് എല്ലാവരും ഒരുമിച്ച് നില്‍ക്കണം, ഭാഗവത് പറഞ്ഞു.
ആര്‍എസ്എസ് ഏകസിവില്‍കോഡ് വേണമെന്ന ആവശ്യം ഉയര്‍ത്തുമോ എന്ന ചോദ്യത്തിന് വിഷയത്തില്‍ സമവായമാണ് ഉണ്ടാകേണ്ടതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുക, ബാബറി മസ്ജിദ് പൊളിച്ച് നീക്കുക, ഏക സിവില്‍ കോഡ് നടപ്പാക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ ആര്‍എസ്എസിന്റെ പ്രധാന അജണ്ടകളാണ്.