
മുംബയ്: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടന്റെ കാമുകിയായ നടി റിയ ചക്രവര്‍ത്തി അറസ്റ്റിലായി. തുടര്‍ച്ചയായി മൂന്നാം ദിവസം നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ ചോദ്യം ചെയ്യലിനൊടുവിലാണ് റിയയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഞായറാഴ്ച ആറ് മണിക്കൂറും തിങ്കളാഴ്ച എട്ട് മണിക്കൂറും റിയയെ ചോദ്യം ചെയ്തിരുന്നു. ജൂണ്‍ 14ന് ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിംഗ് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്ന ചോദ്യം റിയ മുന്‍പ് നിരസിച്ചിരുന്നെങ്കിലും നര്‍കോട്ടിക് വിഭാഗത്തിന്റെ ചോദ്യം ചെയ്യലില്‍ റിയ ഇക്കാര്യം സമ്മതിച്ചു. തന്റെ സഹോദരന് ഷോവിക് ചക്രവര്‍ത്തി വഴി ലഹരി നിറച്ച സിഗരറ്റ് നല്‍കിയിരുന്നതായി റിയ സമ്മതിച്ചിട്ടുണ്ട്. മുന്‍പ് റിയയുടെ ഫോണില്‍ ലഹരിയുമായി ബന്ധപ്പെട്ട വാട്സ് ആപ്പ് ചാറ്റുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. കേസില്‍ ഷോവിക് ചക്രവര്‍ത്തി, സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡ, പാചകക്കാരന് ദീപേഷ് സാവന്ത് എന്നിവരെ മുന്‍പ് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തിട്ടുണ്ട്.