രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന് ഗോള്‍വാള്‍ക്കറുടെ പേര്; കേന്ദ്രത്തിന് മുഖ്യമന്ത്രി കത്തയച്ചു

രാജ്യത്തെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനം രാഷ്ട്രീയ വിഭാഗീയതക്ക് അതീതമാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന് ഗോള്‍വാള്‍ക്കറുടെ പേര്; കേന്ദ്രത്തിന് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്ക് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ- ശാസ്ത്ര- സാങ്കേതിക മന്ത്രി ഹര്‍ഷവര്‍ധന് കത്തയച്ചു. ഈ ഗവേഷണ സ്ഥാപനത്തിന് വിഖ്യാത ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരിടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനം രാഷ്ട്രീയ വിഭാഗീയതക്ക് അതീതമാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കുന്നതിലൂടെ സ്ഥാപനത്തിന്റെ യശസ്സ് നിലനിര്‍ത്തുന്നതിനും പൊതു മണ്ഡലത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേരള സര്‍ക്കാറിന്റെ ഉടമസ്ഥതിയിലുണ്ടായിരുന്ന സ്ഥാപനം കൂടുതല്‍ വികസനം ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാറിന് കൈമാറിയത്. പേര് മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടെങ്കില്‍ തിരുത്തണമെന്നും തീരുമാനമെടുത്തില്ലെങ്കില്‍ സര്‍ക്കാറിന്റെ അപേക്ഷ പരിഗണിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള കക്ഷികള്‍ രംഗത്തെത്തിയിരുന്നു. നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com