സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും നിയന്ത്രണം, 25% ജീവനക്കാര്‍ മാത്രം മതി: പുതിയ ഉത്തരവ്

നിയന്ത്രണം ചൊവ്വാഴ്ച(04-05-2021) മുതല്‍ പ്രാബല്യത്തില്‍ വരും
സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും നിയന്ത്രണം, 25% ജീവനക്കാര്‍ മാത്രം മതി: പുതിയ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കെത്തേണ്ട ജീവനക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ചൊവ്വാഴ്ച മുതൽ 25 ശതമാനം ജീവനക്കാർ മാത്രമേ ഓഫീസിൽ എത്താവൂ എന്ന് സർക്കാർ ഉത്തരവിറക്കി. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകണം. ബാങ്കുകളും ഈ രീതിയിലാണ് പ്രവർത്തിക്കേണ്ടത്.

നിയന്ത്രണം ചൊവ്വാഴ്ച(04-05-2021) മുതല്‍ പ്രാബല്യത്തില്‍ വരും. അവശ്യ സർവീസുകൾക്ക് ഇളവുണ്ട്. ആരോഗ്യ സ്ഥാപനങ്ങൾ, ലാബുകൾ, ഫാർമസി, ഭക്ഷണസാധനങ്ങൾ വിൽക്കുന്ന (ബേക്കറികൾ ഉൾപ്പെടെ) കടകൾ, പോസ്റ്റൽ/ കൊറിയർ സർവീസുകൾ, സ്വകാര്യ ട്രാൻസ്പോർട്ട് ഏജൻസികൾ, ടെലികോം/ ഇന്റർനെറ്റ് സർവീസുകൾ തുടങ്ങിയവയ്ക്കാണ് ഇളവ്.

അതേസമയം, കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മെയ് നാല് മുതൽ ഒൻപത് വരെയാണ് നിയന്ത്രണങ്ങൾ. ഈ ദിവസങ്ങളിൽ അനാവശ്യമായി ആരെയും വീടിന് പുറത്തിറങ്ങാൻ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളിൽ കൂട്ടം കൂടാനും അനുമതി ഉണ്ടാകില്ല.

അത്യാവശ്യമല്ലാത്ത യാത്രകൾ അനുവദിക്കില്ല. പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾ തുറക്കാം. ഹോം ഡെലിവറി പരമാവധി ഉപയോഗിക്കണം. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ 2 മീറ്റർ അകലം പാലിക്കണം. 2 മാസ്‌കുകളും കഴിയുമെങ്കിൽ കയ്യുറയും ധരിക്കണം.

കല്ല്യാണത്തിന് പരമാവധി 50 പേരെയും മരണ ചടങ്ങുകൾക്ക് 20 പേരെയും മാത്രം അനുവദിക്കും. ആരാധനാലയങ്ങളില്‍ പരമാവധി 50 പേരെ പ്രവേശിപ്പിക്കാം. സിനിമ സീരിയില്‍ ചിത്രീകരണം അനുവദിക്കില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ നിയന്ത്രണ ഉത്തരവില്‍ നിര്‍ദ്ദശിക്കുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com