സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിന് ഘടകം; സംവരണം 50% കടക്കാമെന്ന് കേരളം സുപ്രീംകോടതിയില്‍

മഹാരാഷ്ട്രയിൽ മറാത്ത സംവരണം കൊണ്ടുവന്നതിനെതിരെയുള്ള ഹര്‍ജിയിൽ 1992ലെ ഇന്ദിരാസാഹിനി കേസിലെ വിധി പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനാണ് കേരള സര്‍ക്കാര്‍ നിലപാട് അറിയിച്ചത്
സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിന് ഘടകം; സംവരണം 50% കടക്കാമെന്ന് കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ പ്രവേശനത്തിനും സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന ഇന്ദിരാസാഹിനി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ. മഹാരാഷ്ട്രയിൽ മറാത്ത സംവരണം കൊണ്ടുവന്നതിനെതിരെയുള്ള ഹര്‍ജിയിൽ 1992ലെ ഇന്ദിരാസാഹിനി കേസിലെ വിധി പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനാണ് കേരള സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

സുപ്രീം കോടതി ഭരണഘടന ബെഞ്ച് 1992-ല്‍ ഇന്ദിര സാഹ്നി കേസില്‍ വിധി പ്രസ്താവിച്ചപ്പോള്‍ സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നു സംവരണത്തിനായി പരിഗണിച്ചിരുന്ന ഘടകം. എന്നാല്‍ ആ വിധി വന്ന ശേഷം കാലം മാറി. സാമ്പത്തിക പിന്നാക്കാവസ്ഥയും നിലവില്‍ സംവരണത്തിനായുള്ള ഘടകമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.

ആവശ്യമെങ്കിൽ 50 ശതമാനത്തിന് മുകളിലും സംവരണം നൽകണം. ഇന്ദിര സാഹ്നി കേസില്‍ വ്യക്തമാക്കിയ അമ്പതു ശതമാനത്തില്‍ ഉള്‍പ്പെടുന്നതല്ല സാമ്പത്തിക പിന്നാക്കാവസ്ഥയുമായി ബന്ധപ്പെട്ട സംവരണമെന്നും കേരളം ചൂണ്ടിക്കാട്ടി. അതിനാല്‍ ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കാന്‍ ഉയര്‍ന്ന ബെഞ്ചിന് വിടണമെന്നും കേരളം ആവശ്യപ്പെട്ടു.

സംവരണ വിഭാഗങ്ങളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട 102-ാം ഭരണഘടനാ ഭേദഗതിയിലെ വ്യവസ്ഥകളെയും കേരളം ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എതിര്‍ത്തു. ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനിക്കേണ്ട ഒന്നല്ല സംവരണം. നിയമനിര്‍മാണ സഭകള്‍ക്കും ജനപ്രതിനിധികള്‍ക്കുമാണ് സംവരണം നിശ്ചയിക്കാനുള്ള അധികാരമെന്നും കേരളം കോടതിയില്‍ വാദിച്ചു.

മണ്ഡൽ കമ്മീഷൻ റിപ്പോര്‍ട്ട് പ്രകാരം 27 ശതമാനം പിന്നാക്ക സംവരണം ഏര്‍പ്പെടുത്തിയതിന് എതിരെയുള്ള ഇന്ദിരാസാഹിനി കേസിലെ വിധി പറഞ്ഞത് സുപ്രീംകോടതിയിലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചായിരുന്നു. ആ വിധി പുനഃപരിശോധിക്കണമെങ്കിൽ 11 അംഗം ഭരണഘടന ബെഞ്ച് ചേരണം. ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം സുപ്രീംകോടതി തേടിയിരുന്നു. ഇതനുസരിച്ചാണ് കേരളവും നിലപാട് അറിയിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com