എട്ടാംവട്ട ചർച്ചയും പരാജയം: നിയമം പിൻവലിച്ചാൽ മാത്രം തിരിച്ചു പോക്ക്; മൗനവ്രതവുമായി കർഷകര്‍

ഈ മാസം 15 ന് വീണ്ടും ചർച്ച നടത്തും
എട്ടാംവട്ട ചർച്ചയും പരാജയം: നിയമം പിൻവലിച്ചാൽ മാത്രം തിരിച്ചു പോക്ക്; മൗനവ്രതവുമായി  കർഷകര്‍

ന്യൂഡല്‍ഹി: കാർഷിക നിയമം പിൻവലിക്കുന്നത് സംബന്ധിച്ച് കർഷക സംഘടന നേതാക്കളും കേന്ദ്രമന്ത്രിമാരും നടത്തിയ എട്ടാം വട്ട ചർച്ചയും പരാജയം. ഇനി ഈ മാസം 15 ന് വീണ്ടും ചർച്ച നടത്തും. എന്നാൽ പതിനഞ്ചിന് നടക്കുന്ന ചർച്ച പങ്കെടുക്കണോ എന്ന കാര്യം പതിനൊന്ന് നടക്കുന്ന കർഷകരുടെ യോഗത്തിൽ തീരുമാനിക്കുമെന്ന് ചർച്ചയ്ക്കെത്തിയ കിസാൻ സഭ നേതാവ് ഹനൻ മൊല്ല അറിയിച്ചു.

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രം നിലപാടറിയിക്കാതെ സംസാരിക്കില്ല എന്ന നിലപാടിലാണ് കര്‍ഷകര്‍. 'ഇവിടെ ജയിക്കും, ഇവിടെ മരിക്കും' എന്ന പ്ലക്കാര്‍ഡ് കര്‍ഷകര്‍ യോഗത്തിലുയര്‍ത്തി. നിയമം പിൻവലിച്ചാൽ മാത്രം തിരിച്ചു പോകുമെന്ന പ്ലക്കാർഡുകളടക്കം ഉയർത്തിയാണ് ചർച്ചയ്ക്കെത്തിയ കർഷക നേതാക്കൾ പ്രതിഷേധിച്ചത്. ഇതോടെ കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും പ്രത്യേകം യോഗം ചേർന്നു.

അതേസമയം കൃഷിവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അനുനയ ശ്രമം നടത്തി. പ്രതിസന്ധി തരണം ചെയ്യാനുള്ള വഴി തേടി കേന്ദ്രമന്ത്രിമാര്‍ പ്രത്യേകയോഗം ചേർന്നു. എട്ടാംഘട്ട അനുരഞ്ജനചര്‍ച്ചയാണ് പരാജയപ്പെട്ടത്.

നിയമം സ്വീകര്യമല്ലെങ്കിൽ കോടതിയിൽ പോകാൻ കൃഷി മന്ത്രി ആവശ്യപ്പെട്ടുവെന്ന് കർഷക നേതാക്കൾ അറിയിച്ചു. എന്നാൽ കോടതിയിൽ പോകില്ലെന്ന് നേതാക്കൾ മറുപടി നൽകി. പതിനഞ്ചാം തീയതി നിശ്ചയിച്ച ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചു.

സമരം ചെയ്യുന്ന കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് 41 നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ഭക്ഷ്യ - വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവര്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്‌ക്കെത്തി.

ഡല്‍ഹി വിജ്ഞാന്‍ ഭവനിലായിരുന്നു ചര്‍ച്ച. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ സമരം നീണ്ടുപോകുന്ന സാഹചര്യം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. എത്രയും വേഗം സമരം അവസാനിപ്പിക്കാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നുതെന്നാണ് സൂചന. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മൂന്ന് കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ചയ്ക്കുമുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com