സാമൂഹികക്ഷേമ ആനുകൂല്യ വിതരണത്തിനായ് റജിസ്ട്രി

സാമൂഹിക പരിരക്ഷ ശൃംഖലയിലുൾപ്പെട്ടിട്ടുള്ളവരുടെ ക്ഷേമം നിരീക്ഷിക്കാൻ സർക്കാരിനെ പ്രാപ്തരാക്കുന്നതിനായാണ് റജിസ്ട്രി ആരംഭിക്കുന്നത്.
സാമൂഹികക്ഷേമ ആനുകൂല്യ വിതരണത്തിനായ് റജിസ്ട്രി

ഭുവനേശ്വർ: സംസ്ഥാന- കേന്ദ്ര ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരായ ഗുണഭോക്താക്കളിലെത്തുന്നുവെന്നു ഉറപ്പാക്കാൻ സാമൂഹിക പരിരക്ഷ ആനുകൂല്യ വിതരണ പ്ലാറ്റ്ഫോം അല്ലെങ്കിൽ സോഷ്യൽ റജിസ്ട്രി ആരംഭിക്കാൻ ഒഡീഷ സർക്കാർ പദ്ധതിയിടുന്നു.

സാമൂഹിക പരിരക്ഷ ശൃംഖലയിലുൾപ്പെട്ടിട്ടുള്ളവരുടെ ക്ഷേമം നിരീക്ഷിക്കാൻ സർക്കാരിനെ പ്രാപ്തരാക്കുന്നതിനായാണ് റജിസ്ട്രി ആരംഭിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ആനുകുല്യങ്ങൾ കൈപ്പറ്റുന്ന അനർഹരെ ഒഴിവാക്കുവാനുതുകുന്ന സംവിധാനം നിലവിൽവരും - ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്. സോഷ്യൽ റജിസ്ട്രിയുടെ രൂപകല്പനാ പ്രവർത്തനങ്ങൾ ഇതിനകം തന്നെ സമാരംഭിച്ചു. ഉപജീവന - വരുമാന വർദ്ധന (കാലിയ) ആനുകൂല്യങ്ങൾക്ക് അർഹരായവരുടെ ഡാറ്റാബേസിനെ ആധാരമാക്കിയാണ് സോഷ്യൽ റജിസ്ട്രി രൂപീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ 51 ലക്ഷത്തിലധികം ചെറുകിട- നാമമാത്ര - ഭൂരഹിത കർഷകരാണ് കാലിയ പദ്ധതിയുടെ ഗുണഭോക്താക്കൾ. കാർഷിക ധനസഹായമെന്ന നിലയിൽ പ്രതിവർഷം രണ്ടുതവണ 5000 രൂപ വീതം കർകഷർക്ക് ലഭ്യമാക്കപ്പെടുന്ന സംസ്ഥാന പദ്ധതിയാണ് കാലിയ. ഇതു പ്രകാരം വിത്തുകൾ, രാസവളങ്ങൾ, കീടനാശിനികൾ, കൂലി തുടങ്ങിയവയ്ക്കായി ഓരോ കാർഷിക സീസണിലും ഈ കാർഷിക ആനുകൂല്യം അനുവദിക്കപ്പെടുന്നു.

ആധാർ വിവര പരിശോധന, ബാങ്ക് അക്കൗണ്ട് തിട്ടപ്പെടത്തൽ തുടങ്ങിയ പ്രക്രിയകളിലൂടെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അനർഹരെ ഒഴിവാക്കുവാൻ കഴിയുമെന്ന് സോഷ്യൽ റജിസ്ട്രിയുടെ നോഡൽ ഓഫീസർ സംസ്ഥാന ധനകാര്യ സെക്രട്ടറി എകെകെ മീന പറഞ്ഞു.

വിവിധ വകുപ്പുകൾക്ക് വിവിധ ഡാറ്റാബേസുകളുണ്ട്. കൃത്യമായ തിട്ടപ്പെടുത്തലുകളില്ലാതെയാണ് ഇതെല്ലാം. സോഷ്യൽ റജിസ്ട്രി പക്ഷേ യോഗ്യതയുള്ള ഓരോ ഗുണഭോക്താക്കളെയും കൃത്യമായി തിരിച്ചറിയും. വിവിധ ക്ഷേമപദ്ധതികളിൽ നിന്ന് യോഗ്യതയില്ലാത്ത ഗുണഭോക്താക്കളെ ഒഴിവാക്കാൻ ഇത് സഹായകരമാകും. എല്ലാ വകുപ്പുകളുടെയും ഡാറ്റാബേസുകൾ സംയോജിപ്പിച്ചുള്ള സൂപ്പർ ഡാറ്റാബേസാണ് സോഷ്യൽ റജിസ്ട്രി. അടുത്ത വർഷം മാർച്ച് അവസാനത്തോടെ സോഷ്യൽ രജിസ്ട്രി തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു - മീന പറഞ്ഞു.

60 ഓളം സാമൂഹിക സഹായ/ ക്ഷേമ പദ്ധതികളാണ് ഒഡീഷ സർക്കാരിന്. വാർഷിക ജിഡിപിയുടെ വലിയൊരു പങ്ക് ഇതിനായി വകയിരുത്തപ്പെടുന്നുണ്ട്. കലിയ, മധുബാബു പെൻഷൻ യോജന, മമത സ്കീം, ബിജു പക്ക ഘർ യോജന, ബിജു കൃഷക് കല്യാൺ യോജന, മുഖ്യമന്ത്രി സ്വാർത്ഥ സേവന ദൗത്യം, ബരിഷ്ട നാഗരിക തീർത്ഥ യാത്ര യോജന, കലിംഗ ശിക്ഷ സ്വാതി യോജന തുടങ്ങിയവയാണ് പ്രധാനപ്പെട്ട സാമൂഹിക ക്ഷേമ പദ്ധതികൾ. 4.2 കോടി ജനസംഖ്യയുടെ ഏകദേശം 70 ശതമാനവും ഈ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളാണ്.

Related Stories

Anweshanam
www.anweshanam.com