
കൊച്ചി: കസ്റ്റഡിയില്‍ വെച്ച് ഇഡി ഭീക്ഷണിപ്പെടുത്തി മൊഴിയെടുക്കുന്നുവെന്ന് ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫ്. യുഎപിഎ കേസില്‍ തന്റെ സഹോദരനെയടക്കം പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വെള്ള പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങിയെന്നും റൗഫ് ഷെരീഫ് കോടതിയില്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ ഇഡി ഉദ്യോഗസ്ഥരെ കോടതി താക്കീത് ചെയ്തു. ഇത്തരം രീതികള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹത്രാസ് കൂട്ടബലാത്സംഗ കേസിനെ തുടര്‍ന്ന് ഹത്രാസില്‍ കലാപത്തിനു ശ്രമിച്ചു എന്ന പേരില്‍ മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ഉള്‍പ്പെടെ നാല് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുമായി ബന്ധപ്പെട്ടാണ് രണ്ടാഴ്ച മുന്‍പ് ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 7 ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ റൗഫ് ഷരീഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇഡി തന്നെ മാനസികമായി പീഡിപ്പിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും റൗഫ് ഷെരീഫ് കോടതിയില്‍ പറഞ്ഞത്. എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിക്ക് നേരിട്ട് പരാതിയും നല്‍കിയിട്ടുണ്ട്.
ഇതോടെ കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ശക്തമായി താക്കീത് ചെയ്തു. കോടതിയുടെ കസ്റ്റഡിയിലുള്ള പ്രതികളോട് ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജഡ്ജി മുന്നറിയിപ്പ് നല്കി. വീണ്ടും ഇതേ പ്രവണത ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി.