റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തും
Top News

റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തും

ലോകത്തെ പോര്‍ വിമാനങ്ങളില്‍ കരുത്തുറ്റ പടയാളിയായ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തും.

By News Desk

Published on :

ന്യൂഡെല്‍ഹി: ലോകത്തെ പോര്‍ വിമാനങ്ങളില്‍ കരുത്തുറ്റ പടയാളിയായ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തും. 59000 കോടി രൂപയ്ക്ക് ഇന്ത്യ വാങ്ങുന്ന ആയുധസജ്ജമായ 36 വിമാനങ്ങളില്‍ ആദ്യത്തെ അഞ്ചെണ്ണമാണ് ഇന്ന് എത്തുന്നത്. രാവിലെ പതിനൊന്ന് മണിക്ക് ഹരിയാനയിലെ അംബാലയില്‍ വ്യോമസേന മേധാവി റഫാല്‍ യുദ്ധവിമാങ്ങള്‍ സ്വീകരിക്കും.

കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ട റാഫേല്‍ വിമാനങ്ങള്‍ യുഎഇയിലെ അല്‍ദഫ്‌റ സൈനിക വിമാനത്താവളത്തില്‍ നിന്ന് ഇന്ധനം നിറച്ചതിന് ശേഷം ഇന്ന് ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലാണ് ഇറക്കുക. അബുദാബിയില്‍ നിന്ന് ഇന്ത്യയുടെ വ്യോമസേന ടാങ്കര്‍ വിമാനങ്ങള്‍ റാഫേല്‍ യുദ്ധ വിമാനങ്ങള്‍ക്ക് അകമ്പടിയായെത്തും.

17 ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രണിലെ കമാന്‍ഡിങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും ചേര്‍ന്നാണ് വിമാനം എത്തിക്കുന്നത്. വ്യോമസേനയും ഗ്രൗണ്ട് ക്രൂവും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സുരക്ഷാഭീഷണി കണക്കിലെടുത്ത് അംബാലയിലും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലും ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. അംബാല വ്യോമത്താവളത്തില്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യോമത്താവളത്തിന്റെ ചിത്രങ്ങളെടുക്കുന്നതും നിരോധിച്ചു. അംബാല എയര്‍ബേസിന് സമീപമുളള നാല് ഗ്രാമങ്ങളിലാണ് 144 പ്രഖ്യാപിച്ചിട്ടുളളത്.

ലോകത്തെ ഏറ്റവും മികച്ച ദീര്‍ഘദൂര എയര്‍ മിസൈലുകള്‍ സജ്ജമാക്കിയ റഫാലിന്റെ വരവ് വ്യോമസേനയുടെ ശക്തി ഇരട്ടിയാക്കും. ലഡാക്കിലെ ചൈനീസ് കയ്യേറ്റത്തിന് പിന്നാലെ ഇന്ത്യ റഫാല്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ വേഗത്തില്‍ ആക്കിയിരുന്നു. 2022ഓടെ ബാക്കി വിമാനങ്ങളും കൈമാറും.

അമ്പതിനായിരം അടിവരെ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ഈ സൂപ്പര്‍ സോണിക് വിമാനങ്ങള്‍ ചൈന, പാക് അതിര്‍ത്തികളില്‍ ഇന്ത്യയ്ക്ക് കരുത്താവും. ഏഴായിരം കിലോമീറ്റര്‍ താണ്ടി വരുന്ന വിമാനങ്ങള്‍ പറത്തുന്നത് ഫ്രാന്‍സില്‍ പരിശീലനം നേടിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരാണ്. ഇവയില്‍ ഒന്നും രണ്ടും സീറ്റുള്ള വിമാനങ്ങളുണ്ട്. ഇന്ത്യന്‍ അതിര്‍ത്തികളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സാങ്കേതിക വിദ്യയും ആയുധശേഷിയും ഉള്‍ക്കൊണ്ടാണ് റാഫേല്‍ എത്തുന്നത്.

Anweshanam
www.anweshanam.com