ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച ദലിത് പെണ്‍കുട്ടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ മനു മനോജാണ് (24) പതിനേഴു വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഇതേ തുടര്‍ന്ന് പ്രതിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം മനു പല തവണ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞിരുന്നു.

ഒക്ടോബര്‍ 22നാണ് സംഭവം നടന്നത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുളിമുറിയില്‍ കയറിയ പെണ്‍കുട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ആരോഗ്യനില മോശമായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ആത്മഹത്യാ ശ്രമത്തിനിടെ പെണ്‍കുട്ടിക്ക് 65 ശതമാനം പൊള്ളലേറ്റിരുന്നു. മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലുമാണ് കൂടുതല്‍ പൊള്ളലേറ്റത്.

Related Stories

Anweshanam
www.anweshanam.com