സെക്രട്ടേറിയറ്റ് തീപ്പിടിത്തം: സ്വര്‍ണ്ണക്കടത്ത് തെളിവ് നശിപ്പിക്കാനെന്ന് ചെന്നിത്തല
Top News

സെക്രട്ടേറിയറ്റ് തീപ്പിടിത്തം: സ്വര്‍ണ്ണക്കടത്ത് തെളിവ് നശിപ്പിക്കാനെന്ന് ചെന്നിത്തല

കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി

News Desk

News Desk

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടുത്തത്തില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണിതെന്ന് ചെന്നിത്തല പറഞ്ഞു. തീപിടുത്തമുണ്ടായത് അട്ടിമറിയാണെന്നും എന്‍.ഐ.എ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

'സംസ്ഥാനത്തിന് അപമാനകരമായ സംഭവമാണിത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പ് ദൃശ്യങ്ങള്‍ നല്‍കിയില്ല. അന്ന് ഇടിമിന്നലേറ്റ് നശിപ്പിച്ചുപോയെന്നാണ് പറഞ്ഞത്'. വിദേശയാത്രയുമായി ബന്ധപ്പെട്ടുള്ള രേഖകളെല്ലാം പ്രോട്ടോക്കോള്‍ വിഭാഗത്തിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ‌ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ കുത്തി ഇരുന്ന് പ്രതിഷേധിക്കുകയാണ്. മുന്‍പ് തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി പുറത്താക്കിയിരുന്നു.

കോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷന്‍ നെയ്യാ‌റ്റിന്‍കര സനല്‍, ജ്യോതികുമാര്‍ ചാമക്കാല, സിഎംപി നേതാവ് സി.പി.ജോണ്‍ എന്നിവരും സ്ഥലത്തുണ്ട്.

തീപിടിത്തമുണ്ടായ ഉടനെ തന്നെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത പോലീസ് നടപടി സംഘര്‍ഷത്തിന് ഇടയാക്കി. കെ.സുരേന്ദ്രന്‍, വി.വി.രാജേഷ് എന്നിവരെ അറസ്‌റ്റ് ചെയ്‌ത് നീക്കി. സ്വര്‍ണക്കള്ളക്കടത്ത് അടക്കമുള്ളവയുടെ അതി പ്രധാനമായ ഫയലുകള്‍ സൂക്ഷിക്കുന്ന സ്ഥലമാണ് ഇവിടമെന്നും തീ പിടിച്ചതല്ല തീവെച്ചതല്ലെന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.

ഇന്ന് വൈകീട്ട് 5 മണിയോടെയാണ് നോര്‍ത്ത് ബ്ലോക്കിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. അഗ്നിശമനസേന എത്തി തീ അണച്ചു. കമ്ബ്യൂട്ടറുകളില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. കന്റോണ്‍മെന്റ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Anweshanam
www.anweshanam.com