തീപിടിത്തം എൻഐഎ അന്വേഷിക്കണമെന്ന് ചെന്നിത്തല; നാളെ യുഡിഎഫ് കരിദിനം
Top News

തീപിടിത്തം എൻഐഎ അന്വേഷിക്കണമെന്ന് ചെന്നിത്തല; നാളെ യുഡിഎഫ് കരിദിനം

സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

News Desk

News Desk

തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ തീപിടിത്തം എൻഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണം. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യു‍ഡിഎഫ് നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കും.

തീപ്പിടുത്തത്തിൽ നശിച്ചത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള സുപ്രധാന രേഖകളെന്ന് ചെന്നിത്തല പറഞ്ഞു. പ്രധാനപ്പെട്ട ഫയലുകളും നശിച്ചു. സെക്രട്ടേറിയറ്റിൽ തീപ്പിടുത്തം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത് . സംഭവത്തെ കുറിച്ച് എൻഐഎ അന്വേഷിക്കും.

വിഐപികളെ കുറിച്ചും വിദേശ യാത്രകളെ കുറിച്ചും ഉള്ള ഫയലുകൾ നശിച്ചു എന്ന് രമേശ് ചെന്നിത്തല പറയുന്നു. സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കൽ ആണ് ഉണ്ടായത്. മൂന്ന് സെഷനിലാണ് തീപ്പിടുത്തം ഉണ്ടായത്. നിരവധി രഹസ്യ ഫയലുകൾ കത്തിയെന്നും ചെന്നിത്തല പറഞ്ഞു

സർക്കാർ പ്രഖ്യാപിച്ച അന്വേഷണം യുഡിഎഫിനു സ്വീകാര്യമല്ല. സർക്കാർ പറയുന്ന രീതിയിലേ ഉദ്യോഗസ്ഥർ അന്വേഷിക്കൂ. തീപിടുത്തത്തിനു പിന്നിലെ കാരണങ്ങൾ പുറത്തുവരണമെങ്കിൽ എൻഐഎ അന്വേഷണം നടത്തണം. തെളിവുകൾ നശിപ്പിക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടന്നത്. സെക്രട്ടേറിയറ്റിലെ ഈ ഭാഗത്തുമാത്രം തീപിടിച്ചു ഫയലുകൾ നശിച്ചത് എന്തു കൊണ്ടാണെന്നു ചെന്നിത്തല ചോദിച്ചു.

മൂന്നു സെക്‌ഷനുകളിലാണ് തീപിടിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 2 ദിവസമായി അടച്ചിട്ടിരിക്കുന്ന മുറിയിൽ ഫാൻ കറങ്ങി ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീപിടിക്കുന്നതെങ്ങനെയാണെന്ന് ചെന്നിത്തല ചോദിച്ചു. ഇതിനു പിന്നിൽ അട്ടിമറിയുണ്ട്. ഫയലുകളുടെ കോപ്പികൾ സൂക്ഷിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അട്ടിമറിയുടെ തെളിവാണിതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തത്തെക്കുറിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

തീപിടിത്തമുണ്ടായ ഉടനെ തന്നെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത പോലീസ് നടപടി സംഘര്‍ഷത്തിന് ഇടയാക്കി. സ്വര്‍ണക്കള്ളക്കടത്ത് അടക്കമുള്ളവയുടെ അതി പ്രധാനമായ ഫയലുകള്‍ സൂക്ഷിക്കുന്ന സ്ഥലമാണ് ഇവിടമെന്നും തീ പിടിച്ചതല്ല തീവെച്ചതല്ലെന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.

Anweshanam
www.anweshanam.com