മുഖ്യമന്ത്രിയെ കാണാനില്ല, കാനം കാശിക്കുപോയോ; മന്ത്രിസഭ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല
Top News

മുഖ്യമന്ത്രിയെ കാണാനില്ല, കാനം കാശിക്കുപോയോ; മന്ത്രിസഭ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തില്‍ നിന്ന് ഇറങ്ങണം. മന്ത്രിസഭ ഒന്നാകെ രാജി വച്ച് ഒഴിയണമെന്നും രമേശ് ചെന്നിത്തല

News Desk

News Desk

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങളും ആരോപണങ്ങളും പുറത്ത് വരുന്ന സാഹചര്യത്തില്‍ മന്ത്രിസഭ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തില്‍ നിന്ന് ഇറങ്ങണം. മന്ത്രിസഭ ഒന്നാകെ രാജി വച്ച് ഒഴിയണമെന്നും ഈക്കാര്യം ആവശ്യപ്പെട്ട് വരുന്ന 22 ന് സെക്രട്ടേറിയറ്റിന് മുന്നിലും വിവിധ കളക്ട്രേറ്റുകള്‍ക്ക് മുന്നിലും യുഡിഎഫ് ഉപരോധം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വര്‍ണക്കടത്ത് അന്വേഷണം ശരിയായ ദിശയിലെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകനേയും കെടി ജലീലിനെയും ചോദ്യം ചെയ്തതോടെ സിപിഎം നിലപാട് മാറ്റി. ഇക്കാര്യത്തില്‍ ഇനി മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ടെന്നാണ് അറിയേണ്ടതെന്നും അതിന് മുഖ്യമന്ത്രിയെ കാണാനെ ഇല്ലെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിട്ടും ഘടകക്ഷികള്‍ പോലും മൗനത്തിലാണ്. ഇടതു വ്യതിയാനം നോക്കി നടക്കുന്ന കാനം രാജേന്ദ്രന്‍ എവിടെ ? കാനം കാശിക്ക് പോയോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. കെടി ജലീല്‍ മാധ്യമങ്ങളെ കളിയാക്കിയിട്ടു കാര്യമില്ല. തൊടുന്യായങ്ങള്‍ പറഞ്ഞ് ജലീല്‍ രക്ഷപ്പെടാന്‍ നോക്കേണ്ടെന്നും ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ സ്വന്തം ഐഡന്റിറ്റി പോലും മറച്ചു വച്ച് തലയില്‍ മുണ്ടിട്ട് കെടി ജലീല്‍ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ പോയത് എന്തിനെന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചു.

Anweshanam
www.anweshanam.com