
തിരുവനന്തപുരം: സോളാർ കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാർ പീഡനകേസിലും പെരിയ ഇരട്ടകൊലയിലും സിബിഐയെ എതിർത്ത സർക്കാറാണ് സോളാർ സിബിഐയെ ഏൽപ്പിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
ബിജെപിയുമായുള്ള രഹസ്യധാരണ പ്രകാരമാണ് കേസ് സിബിഐക്ക് വിട്ടത്. ഓലപാമ്പ് കാണിച്ച് യുഡിഎഫിനെ വിരട്ടാൻ നോക്കേണ്ട. തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാവുന്നെ് ഉറപ്പായപ്പോഴാണ് വീണ്ടും സോളാർ കേസ് കുത്തിപൊക്കിയത്. സർക്കാർ നടപടിയെ രാഷ്ട്രീയമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
സോളാർ കേസ് സിബിഐക്ക് വിടാൻ കഴിഞ്ഞ ദിവസം സർക്കാർ തീരുമാനമെടുത്തിരുന്നു. സോളാർ സംബന്ധിച്ച ആറ് പീഡന കേസുകളാണ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം എടുത്തത്. കേസ് സംബന്ധിച്ച് ഇര മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് നടപടി. ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, അബ്ദുല്ലക്കുട്ടി, ഹൈബി ഈഡൻ തുടങ്ങിവർക്കെതിരായ ആറ് കേസുകളാണ് സിബിഐക്ക് വിടുന്നത്.