ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമെന്ന് പ്രതിപക്ഷനേതാവ്

വിജിലന്‍സിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന നാടകം ജനം മനസിലാക്കുമെന്നും അപമാനിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന നാടകം ജനം മനസിലാക്കുമെന്നും അപമാനിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

പിണറായി സര്‍ക്കാര്‍ നേരിടുന്ന അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള ശ്രമമാണിതെന്നും ഇബ്രാഹിം കുഞ്ഞ് എന്ത് തെറ്റാണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചിരുന്നു.

എന്നാല്‍ ഇത് മുഖവിലക്കെടുക്കാതെ വീടിനകത്ത് കയറി പരിശോധിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്ക് ശേഷം വിജിലന്‍സിന്റെ ഒരു സംഘം ആശുപത്രിയിലേക്ക് നീങ്ങുകയായിരുന്നു. അതേസമയം ഒരു സംഘം വീട്ടില്‍ തുടരുകയാണ്. പൊലീസ് സംഘവും പരിശോധനക്ക് ഉണ്ടായിരുന്നു. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള പത്തോളം പേര്‍ അടങ്ങുന്ന സംഘമാണ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്.

Related Stories

Anweshanam
www.anweshanam.com