മുഖ്യമന്ത്രിക്ക് ഹാലിളകിയെന്ന് പ്രതിപക്ഷ നേതാവ്

പിണറായി വിളിച്ച്‌ കൊണ്ട് വന്ന ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നതെന്നും ചെന്നിത്തല
മുഖ്യമന്ത്രിക്ക് ഹാലിളകിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ രംഗത്ത് വന്ന മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ഹാലിളകിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്വേഷണം മുഖ്യമന്ത്രിയിലെത്തിയതിന്റെ തെളിവാണ് അത്. പിണറായി വിളിച്ച്‌ കൊണ്ട് വന്ന ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് അടക്കമുള്ള ഏജന്‍സികള്‍ പരിധി വിട്ട് ചിലരുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതായാണ് മുഖ്യമന്ത്രി ഇന്ന് ആരോപിച്ചത്. സര്‍ക്കാര്‍ നയങ്ങള്‍ക്ക് തടയിടാനുള്ള ശ്രമങ്ങളെ നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

സ്വര്‍ണ്ണക്കടത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികളെ ക്ഷണിച്ച്‌ വരുത്തിയ മുഖ്യമന്ത്രി ഇതാദ്യമായാണ് ഏജസികളെ വിമർശിക്കുന്നത്. സിപിഎം നേതാക്കള്‍ കൂട്ടത്തോടെ ഏജന്‍സികളെ വിമര്‍ശിച്ചപ്പോഴും അന്വേഷണങ്ങള്‍ക്ക് ഇതുവരെ പിണറായി നല്‍കിയിരുന്നത് നല്ല സര്‍ട്ടിഫിക്കറ്റായിരുന്നു.

ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ കെ ഫോണ്‍ അടക്കമുള്ള സര്‍ക്കാറിന്റെ സ്വപ്നപദ്ധതികളിലേക്ക് അന്വേഷണ ഏജന്‍സികള്‍ കടക്കാന്‍ തീരുമാനിച്ചതോടെയാണ് പിണറായി വിമർശനത്തിന്റെ പാതയിലേക്ക് ചുവട് മാറുന്നത്.

Related Stories

Anweshanam
www.anweshanam.com