എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് രാജ്യസഭ അധ്യക്ഷൻ

പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് രാജ്യസഭ അധ്യക്ഷൻ

ന്യൂ ഡല്‍ഹി: കാർഷിക ബില്ല് പാസ്സാക്കിയ രീതിയിലും, എട്ട് എംപിമാരെ പുറത്താക്കിയ നടപടിയിലും പ്രതിഷേധിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി സഭാ സമ്മേളനം ബഹിഷ്കരിച്ചു. കോൺഗ്രസ് അം​ഗം ​ഗുലാം നബി ആസാദാണ് ഇക്കാര്യം സഭയിൽ അറിയിച്ചത്. അദ്ദേഹത്തെ പിന്തുണച്ച് സമാജ് വാദി പാർട്ടി, ഡിഎംകെ അം​ഗങ്ങളും നിലപാടറിയിച്ചു.

എം പിമാർക്കെതിരെയുള്ള നടപടി പിൻവലിക്കണമെന്ന് സമാജ് വാദി പാർട്ടിയും ഡിഎംകെയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സസ്പെൻഷൻ നടപടി ഇതാദ്യമായിട്ടല്ല എന്നായിരുന്നു രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ മറുപടി. എംപിമാർ മാപ്പുപറഞ്ഞാൽ തീരുമാനം പിൻവലിക്കുന്നകാര്യം ആലോചിക്കാമെന്നും രാജ്യസഭ അദ്ധ്യക്ഷൻ വ്യക്തമാക്കി.

അതേസമയം, താൻ നാളെവരെ നിരാഹാരമിരിക്കുമെന്ന് രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിം​ഗ് അറിയിച്ചു. പ്രതിപക്ഷ നടപടിയിൽ ആശങ്ക അറിയിച്ചാണ് തീരുമാനമെന്നും ഹരിവംശ് പറഞ്ഞു. ഇതുപോലൊരു സാഹചര്യം സഭയിൽ കണ്ടിട്ടില്ലെന്ന് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ പറഞ്ഞു. ഉപാദ്ധ്യക്ഷന് നേരെ ആക്രമണമാണ് നടന്നതെന്ന് പ്രഹ്ലാദ് ജോഷി അഭിപ്രായപ്പെട്ടു.

Related Stories

Anweshanam
www.anweshanam.com