രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്

എല്‍ഡിഎഫിനു വേണ്ടി എംവി ശ്രേയാംസ് കുമാറും യുഡിഎഫിനു വേണ്ടി ലാല്‍ വര്‍ഗീസ് കല്‍പകവാടിയുമാണ് മത്സരിക്കുന്നത്.
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന് നിയമസഭയില്‍ നടക്കും. എല്‍ഡിഎഫിനു വേണ്ടി എംവി ശ്രേയാംസ് കുമാറും യുഡിഎഫിനു വേണ്ടി ലാല്‍ വര്‍ഗീസ് കല്‍പകവാടിയുമാണ് മത്സരിക്കുന്നത്. എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ്. നിയമസഭ മന്ദിരത്തിലെ പാര്‍ലമെന്ററി സ്റ്റഡീസ് മുറിയില്‍ രാവിലെ പത്തു മണി മുതലാവും വോട്ടെടുപ്പ്.

ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെങ്കിലും കേരള കോണ്‍ഗ്രസ് എമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ഇന്നത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജോസ് പക്ഷവും , യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ജോസഫ് വിഭാഗവും വിപ്പ് നല്‍കിയിട്ടുണ്ട്. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാകും. യുഡിഎഫ് തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ ജോസ് വിഭാഗത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കെ.എം. ഷാജിക്കും, കാരാട്ട് റസാഖിനും തിരഞ്ഞെടുപ്പ് കേസുള്ളതിനാല്‍ വോട്ട് ചെയ്യാനാകില്ല. ഫലത്തില്‍ 136 വോട്ടുകളാണ് ഉള്ളത്. 69 വോട്ടുകളാണ് ജയിക്കാന്‍ ആവശ്യം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com