രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
Top News

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ നിയമസഭ സെക്രട്ടറിയും വരണാധികാരിയുമായ എസ്.വി. ഉണ്ണികൃഷ്‌ണന്‍ നായര്‍ക്കു മുന്‍പാകെയാണ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

News Desk

News Desk

തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ നിയമസഭ സെക്രട്ടറിയും വരണാധികാരിയുമായ എസ്.വി. ഉണ്ണികൃഷ്‌ണന്‍ നായര്‍ക്കു മുന്‍പാകെയാണ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

രാവിലെ പതിനൊന്നരയോടെയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ശ്രേയാംസ് കുമാറിന്റെ പത്രികാസമര്‍പ്പണം. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കൃഷ്‌ണന്‍കുട്ടി, എംഎല്‍എ സി.ദിവാകരന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് എം.വി.ശ്രേയാംസ് കുമാര്‍ പത്രിക സമര്‍പ്പിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും സന്നിഹിതനായിരുന്നു. ജനാധിപത്യ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുമെന്ന് എം.വി.ശ്രേയാംസ് കുമാര്‍ പറഞ്ഞു.

പിതാവ് എം.പി.വീരേന്ദ്രകുമാറിന്റെ മരണത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ശ്രേയാംസ് കുമാര്‍ മത്സരിക്കുന്നത്. നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ ഈ രാജ്യസഭാ സീറ്റ് അനായാസം നിലനിര്‍ത്താന്‍ എല്‍ഡിഎഫിനു സാധിക്കും. അതേസമയം, എം.പി.വീരേന്ദ്രകുമാറിന്റെ ശേഷിക്കുന്ന ടേം മാത്രമായിരിക്കും ശ്രേയാംസ് കുമാറിനു രാജ്യസഭാ എംപിയായി തുടരാന്‍ സാധിക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ജി.സുധാകരന്‍, ഇ.ചന്ദ്രശേഖരന്‍, കെ.കൃഷ്‌ണന്‍കുട്ടി, കെ.കെ.ശൈലജ, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാരായ എസ്.ശര്‍മ, കെ.ബി.ഗണേഷ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരാണ് ശ്രേയാംസ്‌കുമാറിന്റെ നാമനിര്‍ദേശ പത്രികയില്‍ പിന്താങ്ങിയിട്ടുള്ളത്.

പന്ത്രണ്ട് മണിക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി ലാല്‍ വര്‍ഗീസ് കല്‍പകവാടി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. കര്‍ഷകരെ സ്‌നേഹിക്കുന്ന എംഎല്‍എമാര്‍ വോട്ടുചെയ്യുമെന്ന് ലാല്‍ വര്‍ഗീസ് കല്‍പകവാടി പറഞ്ഞു.

Anweshanam
www.anweshanam.com