ചൈനീസ് അതിര്‍ത്തിയില്‍ പ്രതിരോധ മന്ത്രി ഇന്ന് ശസ്ത്രപൂജ നടത്തും

സിക്കിമിലെ ഷെരാത്താങ്ങിലാകും പൂജ.
ചൈനീസ് അതിര്‍ത്തിയില്‍ പ്രതിരോധ മന്ത്രി ഇന്ന് ശസ്ത്രപൂജ നടത്തും

ന്യൂ ഡല്‍ഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് അതിര്‍ത്തിയില്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള ശസ്ത്രപൂജ (ആയുധ പൂജ) നടത്തും. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള സിക്കിമിലെ ഷെരാത്താങ്ങിലാകും പൂജ. സൈനിക മേധാവി ജനറല്‍ എംഎം നരവണെ മന്ത്രിയെ അനുമഗിക്കുന്നുണ്ട്- ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹം അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദസറ ആഘോഷിച്ചിരുന്നു. ശനിയാഴ്ച സിക്കിം മേഖലയില്‍ സൈനിക തയ്യാറെടുപ്പുകള്‍ രാജ്‌നാഥ് സിങ് അവലോകനം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് രാജ്‌നാഥ് ത്രിശക്തി കോര്‍പ്‌സ് എന്നറിയിപ്പെടുന്ന 33 കോര്‍പ്‌സിന്റെ ആസ്ഥാനത്തെത്തിയത്. അതിര്‍ത്തിയില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച റോഡുകളും അദ്ദേഹം സന്ദര്‍ശനത്തിനിടയില്‍ ഉദ്ഘാടനം ചെയ്യും.

സിക്കിം-അരുണാചല്‍ പ്രദേശ് മേഖലകള്‍ ഉള്‍പ്പെടുന്ന 3500 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തിയില്‍ സൈനിക ശക്തി ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഫ്രഞ്ച് തുറമുഖ നഗരമായ ബാര്‍ഡിയോയിലാണ് ശസ്ത്ര പൂജ നടത്തിയത്. റഫാല്‍ യുദ്ധവിമാനങ്ങളെ ഔദ്യോഗികമായി സ്വീകരിക്കുന്നതിനായിട്ടാണ് അദ്ദേഹം ഫ്രാന്‍സ് സന്ദര്‍ശിച്ചിരുന്നത്.

Related Stories

Anweshanam
www.anweshanam.com