വ്യോമസേന കമാൻഡർമാരുടെ സമ്മേളനം തുടങ്ങി
Top News

വ്യോമസേന കമാൻഡർമാരുടെ സമ്മേളനം തുടങ്ങി

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മൂന്ന് ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തു.

By News Desk

Published on :

ന്യൂ ഡല്‍ഹി: വ്യോമസേനയിലെ ഉന്നത തല കമാന്റർമാരുടെ സമ്മേളനം ഡല്‍ഹിയില്‍ ആരംഭിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് മൂന്ന് ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിൽ വ്യോമസേന രാജ്യത്തിന് നൽകിയ സേവനം പ്രശംസനീയമാണെന്ന് രാജ്‍നാഥ് സിംഗ് പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും എത്തിക്കുന്നതിൽ വ്യോമസേന വലിയ പങ്ക് വഹിച്ചതായും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനത്തെ കുറിച്ചുള്ള വിലയിരുത്തലാണ് സമ്മേളനത്തിൽ പ്രധാനമായും നടക്കുക.

ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന അത്യാധുനിക യുദ്ധവിമാനമായ റഫാലിന്റെ ആദ്യ ബാച്ച് ജൂലൈ 29 ന് ഇന്ത്യയിലെത്തുന്നുണ്ട്. ഇവ എവിടെ വിന്യസിക്കണം എന്നതിലും സമ്മേളനത്തിൽ തീരുമാനമുണ്ടായേക്കും. കിഴക്കൻ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികളും ചർച്ചയാകും.

Anweshanam
www.anweshanam.com