പ്രതിപക്ഷ ബഹളത്തിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി

ഭരണപക്ഷ – പ്രതിപക്ഷ വാക്പോരുകൾക്കാണു രാജ്യസഭ വേദിയായത്.
പ്രതിപക്ഷ ബഹളത്തിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി

ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി. വിപണിയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും,കരാര്‍ കൃഷിക്കുമുള്ള ബില്ലുകളാണ് പാസാക്കിയത്. ഭരണപക്ഷ – പ്രതിപക്ഷ വാക്പോരുകൾക്കാണു രാജ്യസഭ വേദിയായത്. ഭേദഗതി നിർദേശങ്ങളുടെ വോട്ടെടുപ്പിനിടെ രാജ്യസഭയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. പ്രതിപക്ഷ അംഗങ്ങൾ സഭാ അധ്യക്ഷന്റെ അടുത്തേക്കു പാഞ്ഞടുത്തു. സഭാ അധ്യക്ഷന്റെ മൈക്ക് തട്ടിമാറ്റാനും ശ്രമം നടന്നു. ഇതു കയ്യാങ്കളിയിൽ കലാശിച്ചു. ഭേദഗതി നിര്‍ദേശങ്ങളുടെ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് പ്രതിഷേധം.

എന്നാൽ കാർഷിക ബില്ലുകളെ സിപിഎം ഉപാധികളോടെ പിന്തുണക്കാമെന്ന് സിപിഐ രാജ്യസഭയില്‍ മുന്നോട്ടുവെച്ചു. മിനിമം താങ്ങുവില ഉറപ്പാക്കിയാല്‍ പിന്തുണ നല്‍കാമെന്ന് ബിനോയ് വിശ്വം എം പി വ്യക്തമാക്കി. ബില്ലുകൾ സിലക്ട് കമ്മറ്റിക്ക് വിടണമെന്ന് സിപിഎമ്മും ഡിഎംകെയും തൃണമൂൽ കോൺഗ്രസും ആവശ്യപ്പെട്ടു. വൈഎസ്ആർ കോൺഗ്രസ്, ജെഡിയു എന്നിവര്‍ ബില്ലിനെ പിന്തുണച്ചു.

പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മേല്‍നോട്ടമുള്ള വിപണികള്‍ക്കായുള്ള എപിഎംസി നിയമം കേരളത്തില്‍ ഇല്ലാത്തതെന്തെന്ന് ബിജെപി രാജ്യസഭയില്‍ ചോദിച്ചു. പ്രതിപക്ഷത്തിന്‍റെ കര്‍ഷകസ്നേഹം പൊള്ളയാണെന്ന് വാദിക്കാനാണ് കേരളത്തെ ഉദാഹരിച്ചത്. ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെഡി സിലക്ട് കമ്മിറ്റിക്ക് വിട്ട് സമയവായമുണ്ടാക്കണമെന്ന് നിലപാടുമായി രംഗത്ത് എത്തി . എന്നാൽ കര്‍ഷകരുടെ ആശങ്ക അകറ്റണമെന്ന് അണ്ണാ ഡിഎംകെയും ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് വിശ്വാസ്യതക്കുറവുണ്ടായെന്ന് അകാലിദള്‍ കുറ്റപ്പെടുത്തി. കർഷക താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും താങ്ങുവിലയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ബില്‍ അവതരിപ്പിച്ച കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com