കൂറുമാറ്റം: സച്ചിൻ പൈലറ്റ് നൽകിയ കേസിൽ രാജസ്ഥാന്‍ ഹൈക്കോടതി ഇന്നു വിധി പറഞ്ഞേക്കും
Top News

കൂറുമാറ്റം: സച്ചിൻ പൈലറ്റ് നൽകിയ കേസിൽ രാജസ്ഥാന്‍ ഹൈക്കോടതി ഇന്നു വിധി പറഞ്ഞേക്കും

നാളെ വൈകീട്ട് വരെ സച്ചിനും കൂടെയുള്ളവര്‍ക്കും എതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി നി‍ദ്ദേശിച്ചിട്ടുണ്ട്

By News Desk

Published on :

ജയ്‌പൂർ: കൂറുമാറ്റ നിയമപ്രകാരം നടപടി എടുക്കാതിരിക്കാന്‍ സ്പീക്കര്‍ നല്‍കിയ നോട്ടിസിനെതിരെ സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസിലെ 18 വിമത എംഎല്‍എമാരും നല്‍കിയ കേസില്‍ രാജസ്ഥാന്‍ ഹൈക്കോടതി ഇന്നു വിധി പറഞ്ഞേക്കും. ചീഫ് ജസ്റ്റിസ് അടങ്ങുന്ന രണ്ടംഗ ബെഞ്ചാണു വാദം കേള്‍ക്കുന്നത്. അയോഗ്യത നോട്ടീസ് നിലനില്‍ക്കില്ലെന്നും നിയമസഭ ചേരാത്തപ്പോള്‍ വിപ്പിന് നിയമ സാധുത ഇല്ലെന്നും സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം വാദിച്ചിരുന്നു.

സ്‌പീക്കര്‍ക്ക് വേണ്ടിയുള്ള വാദമായിരിക്കും ഇന്ന് കോടതിയില്‍ നടക്കുക. നാളെ വൈകീട്ട് വരെ സച്ചിനും കൂടെയുള്ളവര്‍ക്കും എതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി നി‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ സച്ചിനൊപ്പമുള്ള ചില എംഎല്‍എമാരെ അറസ്റ്റു ചെയ്യാന്‍ രാജസ്ഥാന്‍ പൊലീസ് സ്‌പീക്കറുടെ അനുമതി തേടിയിട്ടുണ്ട്.

അതിനിടെ, വിമതരെ പുറത്താക്കാനുള്ള നടപടികളുമായി പാര്‍ട്ടി സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ നടപടികൾ തുടങ്ങിയിട്ടുണ്ട്. വിധി പ്രതികൂലമാകുന്നപക്ഷം ഈയാഴ്ച തന്നെ നിയമസഭ വിളിച്ചുകൂട്ടി വിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി ആലോചിക്കുന്നതായാണു വിവരം.

Anweshanam
www.anweshanam.com