ദുരന്തഭൂമിയായി രാജമല: മരണം 11 ആയി; 55 പേർ മണ്ണിനടിയിലെന്ന് സംശയം
Top News

ദുരന്തഭൂമിയായി രാജമല: മരണം 11 ആയി; 55 പേർ മണ്ണിനടിയിലെന്ന് സംശയം

ഇനി 55 പേരെ കൂടി കണ്ടെത്താനുള്ളതായാണ് ലഭ്യമായ വിവരം

News Desk

News Desk

മൂന്നാര്‍: ഇടുക്കി രാജമലക്കടുത്ത്​ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്നുണ്ടായ വന്‍ മണ്ണിടിച്ചിൽ മരണം 11 ആയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 12 പേരെ രക്ഷപ്പെടുത്തി. ഇനി 55 പേരെ കൂടി കണ്ടെത്താനുള്ളതായാണ് ലഭ്യമായ വിവരം. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി.

പളനിയമ്മ (50), ദീപന്‍ (25), സീതാലക്ഷ്മി (33), സരസ്വതി (50) എന്നിവരെ മൂന്നാർ കണ്ണൻദേവൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൻദേവൻ ഡിവിഷൻ പെട്ടിമുടി സെറ്റില്‍മെൻറിലെ ലയങ്ങള്‍ക്ക് മുകളിലേക്കാണ്​ മണ്ണിടിഞ്ഞ്​ വീണത്. നാല്​ ലയങ്ങൾ പൂർണമായും തകർന്നുവെന്നാണ്​ റിപ്പോർട്ട്​. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുതായാണ്​ വിവരം.

80തോളം തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് ദുരന്തമുണ്ടായത്​. ഫോൺ ബന്ധമില്ലാത്തതിനാൽ രാവിലെ 7.30 തോടെ സമീപവാസികൾ രാജമലയിലെത്തിയാണ് വിവരങ്ങൾ കൈമാറിയത്. തുടർന്ന് വനം വകുപ്പ്​ അധികൃതർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്​. വനംവകുപ്പ്​ ജീവനക്കാർ മാത്രമാണ്​ ഇപ്പോൾ രക്ഷാപ്രവർത്തനത്തിനായി രംഗത്തുള്ളത്​.

ഇടമലക്കുടിയിലെ പ്രവേശന കവാടമാണ് പെട്ടിമുടി. മൂന്നുവശങ്ങളും മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന പെട്ടിമുടിയിൽ ഫോൺ ബന്ധം നിലച്ചിട്ട് മാസങ്ങളായി. പ്രദേശവാസികൾ നേരിട്ടെത്തുകയോ പൊലീസ് എത്തിയ ശേഷമോ മാത്രമേ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ.

Anweshanam
www.anweshanam.com