കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്കെതിരെയുള്ള മരണ വാറണ്ട്; ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു: രാഹുല്‍ ഗാന്ധി

കാർഷിക ബില്ലുകൾക്കെതിരെ നേരത്തെയും രാഹുൽ രംഗത്തെത്തിയിരുന്നു
കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്കെതിരെയുള്ള മരണ വാറണ്ട്; ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്കെതിരെയുള്ള മരണ വാറണ്ട് ആണെന്ന് രാഹുല്‍ ഗാന്ധി.

'മണ്ണില്‍ നിന്നും പൊന്ന് വിളയിക്കുന്ന കര്‍ഷകരെ മോദി സര്‍ക്കാര്‍ കരയിപ്പിക്കുകയാണ്. കാര്‍ഷിക ബില്ലെന്ന പേരില്‍ രാജ്യസഭയില്‍ പാസായ കര്‍ഷകര്‍ക്കെതിരെയുള്ള മരണ വാറണ്ട് ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു'.-രാഹുല്‍ ട്വീറ്റ് ചെയ്തു.

കാർഷിക ബില്ലുകൾക്കെതിരെ നേരത്തെയും രാഹുൽ രംഗത്തെത്തിയിരുന്നു. കരിനിയമമെന്നാണ് ബില്ലിനെ കോൺഗ്രസ് വിശേഷിപ്പിച്ചത്. നാടകീയ രംഗങ്ങൾക്കൊടുവിലാണ് രാജ്യസഭയിൽ ബില്ലുകൾ പാസായത്. കരാര്‍ കൃഷി നടപ്പാക്കാനുള്ള കര്‍ഷക ശാക്തീകരണ, സംരക്ഷണ ബില്ലും വിപണിയിലെ നിയന്ത്രണങ്ങള്‍ നീക്കാനുള്ള കാര്‍ഷിക ഉല്‍പന്ന വ്യാപര വാണിജ്യ ബില്ലുമാണ് രാജ്യസഭ ശബ്ദ വോട്ടോടെ പാസാക്കിയത്.

ബില്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ ഉപാധ്യക്ഷന്റെ ഡയസിലേക്ക് കയറി പ്രതിഷേധിച്ചിരുന്നു. മൈക്ക് തകര്‍ക്കുകയും പേപ്പറുകള്‍ വലിച്ചുകീറുകയും ബില്ലുകളുടെ പകര്‍പ്പ് കീറുകയും ചെയ്തിരുന്നു. പ്രതിഷേധ മുദ്രാവാക്യങ്ങളും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.

കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത് രാജ്യത്തിന്റെ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com