പാവപ്പെട്ടവർക്ക് കടമല്ല ധനസഹായമാണ് ആവശ്യം: രാഹുൽ ഗാന്ധി
പാവപ്പെട്ടവരുടെ കയ്യിൽ കാശെത്തി ഉപഭോഗം വർദ്ധിക്കുന്നിടത്തേ സമ്പദ് വ്യവസ്ഥ സജീവമാകൂ.

ന്യൂ ഡല്‍ഹി: രാജ്യത്ത് ഇപ്പോൾ പാവപ്പെട്ടവർക്ക് കടമല്ല ധനസഹായമാണ് സർക്കാർ കൊടുക്കേണ്ടതെന്ന് രാഹുൽ ഗാന്ധി. പാവപ്പെട്ടവരുടെ കയ്യിൽ കാശെത്തി ഉപഭോഗം വർദ്ധിക്കുന്നിടത്തേ സമ്പദ് വ്യവസ്ഥ സജീവമാകൂവെന്ന് മോദി സർക്കാരിൻ്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ച് രാഹുൽ ഗാന്ധി പറഞ്ഞതായി ട്രിബ്യൂൺ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

മാധ്യമങ്ങളിലൂടെ സർക്കാർ യഥാർത്ഥ അവസ്ഥ മറച്ചു പിടിക്കുകയാണ്. ഇത് പക്ഷേ പാവപ്പെട്ടവർക്ക് സഹായകരമാവില്ല. മാധ്യമ പ്രചരണങ്ങൾ സമ്പദ് വ്യവസ്ഥയുടെ ദുരവസ്ഥ അപ്രത്യക്ഷമാക്കുമെന്നും സർക്കാർ കരുതരുത് - രാഹുൽ വ്യക്തമാക്കി.

ഈ വർഷത്തിൽ ഉപഭോഗത്തിലുണ്ടായ ഗണ്യമായ ഇടിവ് മൊത്തം ചോദനത്തെ ബാധിച്ചിട്ടുണ്ട്. അതിനാൽ സമ്പദ്‌വ്യവസ്ഥ സജീവമാകാൻ കുറച്ച് സമയമെടുക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ആഗസ്ത് 18 ന് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാരിനെതിരായി രാഹുൽ ഗാന്ധിയുടെ വിമർശനം.

മാസങ്ങളായി താൻ മുന്നറിയിപ്പ് നൽകിയിരുന്ന കാര്യങ്ങളാണ് ഇപ്പോൾ റിസർവ് ബാങ്ക് സ്ഥിരീകരിച്ചത്. സർക്കാർ കൂടുതൽ ചെലവഴിക്കുക. കൂടുതൽ വായ്പ നൽകരുത്. സർക്കാർ ഇതാണിപ്പോൾ ചെയ്യേണ്ടത് - ഗാന്ധി പറഞ്ഞു. പാവപ്പെട്ടവർക്ക് പണം നൽകുക. വ്യവസായികൾക്ക് നികുതി കുറയ്ക്കരുത്. ഉപഭോഗം വർദ്ധിപ്പിച്ച് സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുകയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Related Stories

Anweshanam
www.anweshanam.com