നോയിഡയിൽ ആദ്യം തടഞ്ഞു, പ്രതിഷേധം, പിന്നീട് അനുമതി; രാഹുലും പ്രിയങ്കയും ഹത്രാസിലേക്ക്

ഇരുവരെയും യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിന് പിന്നാലെയാണ് അനുമതി ലഭിച്ചത്.
നോയിഡയിൽ ആദ്യം തടഞ്ഞു, പ്രതിഷേധം, പിന്നീട് അനുമതി; രാഹുലും പ്രിയങ്കയും ഹത്രാസിലേക്ക്

ന്യൂഡൽഹി: ഹത്രാസിൽ കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി പുറപ്പെട്ട കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഹത്രാസ് സന്ദർശിക്കാൻ അനുമതി നൽകി. നേരത്തെ ഇരുവരെയും യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിന് പിന്നാലെയാണ് അനുമതി ലഭിച്ചത്.

ഡൽഹി - നോയിഡ അതിർത്തിയിലാണ് ഇവരെ തടഞ്ഞത്. രാഹുലും പ്രിയങ്കയും 35 കോൺഗ്രസ് എംപിമാരും ചേർന്നാണ് യാത്ര പുറപ്പെട്ടത്. ഇത് രണ്ടാം തവണയാണ് രാഹുലിനെയും പ്രിയങ്കയെയും പൊലീസ് തടയുന്നത്.

വൻ പൊലീസ് സന്നാഹമാണ് നോയിഡയിൽ ഇവരെ തടയുന്നതിനായി ഒരുക്കിയത്. പ്രിയങ്ക ഓടിക്കുന്ന വാഹനത്തിൽ രാഹുലും പിന്നാലെയുള്ള വാഹനങ്ങളിൽ കോൺ​ഗ്രസ്​ എം.പിമാരും വാഹനത്തെ അനുഗമിച്ച് നൂറുകണക്കിന് പ്രവർത്തകരും മറ്റു നേതാക്കളും കൂടെയുണ്ട്. രാഹുലിനെ ഉത്തർപ്രദേശിലേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് യോഗി സർക്കാർ. എന്നാൽ വാഹനം തടഞ്ഞാൽ നടന്ന് പോകുമെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി.

അതിനിടെ രാഹുലിന്റെ ഒപ്പം പോകാനിരുന്ന കോൺഗ്രസ്​ യു.പി പി.സി.സി അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി. ഡൽഹി - നോയിഡ ഡയറക്​ട്​ ഫ്ലൈവേയിൽ ബാരിക്കേഡുകൾ സ്​ഥാപിച്ചാണ് പൊലീസ് തടഞ്ഞിരിക്കുന്നത്. കനത്ത പൊലീസ്​ വലയത്തിലാണ്​ യു.പിയും അതിർത്തിയും. ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥരെയും അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്​.

കഴിഞ്ഞ ദിവസം ഹത്രാസിലേക്ക് പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയെയും വഴിയിൽ പോലീസ് തടയുകയും രാഹുലിനെ പൊലീസ് കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും കേസ് എടുക്കുകയും ചെയ്തിരുന്നു.

Related Stories

Anweshanam
www.anweshanam.com