രാഹുലും പ്രിയങ്കയും ഹത്രസിലെത്തി; പെൺകുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നു
ശനിയാഴ്ച വൈകിട്ടാണ് ഹത്രസിൽ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ യുപി പൊലീസ് ഇരുവർക്കും അനുമതി നൽകിയത്
രാഹുലും പ്രിയങ്കയും ഹത്രസിലെത്തി; പെൺകുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നു

ന്യൂഡൽഹി∙ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രസിലെത്തി. പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ ഇരുവരും സന്ദർശിക്കുകയാണ്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് എന്നിവരാണ് രാഹുലിനൊപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍.

ശനിയാഴ്ച വൈകിട്ടാണ് ഹത്രസിൽ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ യുപി പൊലീസ് ഇരുവർക്കും അനുമതി നൽകിയത്. സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പം കാറിലെത്തിയ രാഹുലിനെ ഡിഎൻഡി എക്സ്പ്രസ‍് വേയിൽ പൊലീസ് തടഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരെയും ഹത്രസിലേക്കു പോകാൻ അനുവദിച്ചു.

മുപ്പതോളം കോൺഗ്രസ് എംപിമാരും നിരവധി പ്രവർത്തകരും വിവിധ വാഹനങ്ങളിലായി രാഹുലിനെ അനുഗമിച്ചിരുന്നു.

എംപിമാരടങ്ങുന്ന മുപ്പതംഗ സംഘത്തെ ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ അതിര്‍ത്തി കടത്തിവിട്ടത്. ഇത് രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രസ് സന്ദര്‍ശിക്കുന്നതിനുള്ള ശ്രമം നടത്തുന്നത്. രണ്ടു ദിവസം മുമ്പ് ഇരുവരേയും വഴിയില്‍ തടഞ്ഞ് അറസ്റ്റ് ചെയ്ത ശേഷം യുപി പോലീസ് തിരിച്ചയച്ചിരുന്നു. ഇന്ന് രാവിലെയാണ് ഹത്രസിലേക്ക് വീണ്ടും പോകുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചത്.

Related Stories

Anweshanam
www.anweshanam.com