സര്‍ക്കാരില്‍ വിശ്വാസമുണ്ട്; രേഖാമൂലം ഉത്തരവ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികൾ

ചര്‍ച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ് ഉദ്യോഗസ്ഥര്‍ നൽകിയതായും ചര്‍ച്ചയ്ക്ക് ശേഷം പിഎസ്.സി റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികൾ പറഞ്ഞു
സര്‍ക്കാരില്‍ വിശ്വാസമുണ്ട്; രേഖാമൂലം ഉത്തരവ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികൾ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളും സര്‍ക്കാര്‍ നിയമിച്ച പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച പൂര്‍ത്തിയായി. സെക്രട്ടേറിയറ്റിൽ നടന്ന ചര്‍ച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ് ഉദ്യോഗസ്ഥര്‍ നൽകിയതായും ചര്‍ച്ചയ്ക്ക് ശേഷം പിഎസ്.സി റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികൾ പറഞ്ഞു.

വൈകുന്നേരം നാലരയോടെ ആരംഭിച്ച ചര്‍ച്ചയില്‍ ആഭ്യന്തര സെക്രട്ടറി ടി കെ ജോസ്, എഡിജിപി മനോജ് എബ്രഹാം എന്നിവരാണ് സര്‍ക്കാര്‍ പ്രതിനിധികളായി എത്തിയത്. ഇരു ലിസ്റ്റിലുമുള്ള മൂന്നുപേരോട് വീതം ചര്‍ച്ചയ്ക്ക് എത്താനായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. കാര്യങ്ങല്‍ മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ സംസാരിച്ചത്. സര്‍ക്കാരില്‍ നിന്ന് കൃത്യമായ ഒരു ഉത്തരവ് ലഭിക്കാതിരുന്നതിനാലാണ് സമരം തുടരുന്നതെന്ന് ഉദ്യോഗാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു. സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഉത്തരവ് കിട്ടുന്നത് വരെ സമാധാനപരമായി സമരം തുടരുമെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ മൂന്ന് പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നത്. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ് റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടായ്മ പ്രതിനിധിയായ ലയ, ജിഷ്ണു, വിനേഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

26 ദിവസമായി തുടരുന്ന പിഎസ്.സി സമരത്തിനിടെ ഇതാദ്യമായാണ് സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്. കഴിഞ്ഞ ദിവസം വരെ സമരക്കാരുമായി ഒരുവിധ ചര്‍ച്ചയ്ക്കുമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com