കെടി ജലീലിനെതിരെ പ്രതിഷേധം; പ്രതിപക്ഷം ഒന്നടങ്കം രംഗത്ത്
Top News

കെടി ജലീലിനെതിരെ പ്രതിഷേധം; പ്രതിപക്ഷം ഒന്നടങ്കം രംഗത്ത്

മന്ത്രി കെ ടി ജലീലിന്‍റെ മലപ്പുറം വളാഞ്ചേരിയിലെ വീട് വൻ പൊലീസ് സുരക്ഷയിലാണ്.

News Desk

News Desk

തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ വൻ പ്രതിഷേധവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്ത്. സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണറോഫീസുകളിലേക്കും, കളക്ടറേറ്റുകളിലേക്കും യൂത്ത് കോൺഗ്രസും, കോൺഗ്രസും, യൂത്ത് ലീഗും, യുവമോർച്ചയും ബിജെപിയും നടത്തിയ പ്രതിഷേധമാർച്ചുകൾ പൊലീസ് തടഞ്ഞു. പലയിടത്തും സംഘർഷങ്ങളും അരങ്ങേറി.

ആലപ്പുഴയിലെയും കൊല്ലത്തെയും മാർച്ചുകൾ തടഞ്ഞത് സംഘർഷത്തിലേക്ക് വഴിമാറിയപ്പോൾ, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രി കെ ടി ജലീലിന്‍റെ മലപ്പുറം വളാഞ്ചേരിയിലെ വീടിന് ചുറ്റും വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരെയും സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.

കോഴിക്കോട്ട് യൂത്ത് ലീഗ് മാ‍ർച്ചിന് നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയില്‍ ബിജെപി പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. ഇതിന് പിന്നാലെ സംഘർഷവുമുണ്ടായി. കൊല്ലത്ത് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് ജില്ലാ പ്രസിഡന്‍റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്.

മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. പത്തനംതിട്ട സിവിൽ സ്റ്റേഷനിലേക്ക് യുവമോർച്ച നടത്തിയ മാർച്ചും പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിനു മുന്നിലെ കോഴിക്കോട് വയനാട് ദേശീയപാത ഉപരോധിക്കുന്നുണ്ട്.

കൊട്ടിയത്ത് റോഡ് ഉപരോധിച്ച ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രി എൻഫോഴ്സ്മെൻറ് ചോദ്യംചെയ്യലിന്‌ മുന്നോടിയായി തങ്ങിയ അരൂരിലെ വ്യവസായി എം എസ് അനസിന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച് നടത്തിയെങ്കിലും പൊലീസ് ത‍ടഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വൻ പ്രതിഷേധപ്രകടനം നടക്കാനിരിക്കുകയാണ്. ഇന്നലെ രാത്രി വലിയ പ്രതിഷേധത്തിനാണ് സെക്രട്ടേറിയറ്റ് പരിസരം സാക്ഷ്യം വഹിച്ചത്.

അതേസമയം, മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്ന് തേടിയതെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് എൻഫോഴ്സ്മെന്‍റ് കേന്ദ്രങ്ങൾ പറയുന്നത്. എന്നാല്‍, എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത വിവരം ഇപ്പോഴും മന്ത്രി പരസ്യമായി സമ്മതിച്ചിട്ടില്ല.

Anweshanam
www.anweshanam.com