
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ രാജ്യവ്യാപകമായി റോഡ് ഉപരോധിച്ചു. ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ദേശീയ, സംസ്ഥാന പാതകളാണ് മൂന്ന് മണിക്കൂര്‍ കര്‍ഷകര്‍ ഉപരോധിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ ഗതാഗതം സ്തംഭിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയായിരുന്നു ഉപരോധം. സമരത്തെ നേരിടാന്‍ വന്‍ സന്നാഹങ്ങളാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒരുക്കിയിരുന്നത്.
ഡൽഹി ഐടിഒയിൽ പ്രതിഷേധിച്ച ആനി രാജ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ദിനത്തിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷാ വലയത്തിലായിരുന്നു ഡൽഹി. ഉപരോധത്തെ പിന്തുണച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തു വന്നു.
ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെ റോഡ് ഉപരോധത്തിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ വിവിധ ദേശീയ സംസ്ഥാന പാതകൾ മൂന്ന് മണിക്കൂർ നിശ്ചലമായി. പഞ്ചാബിനെയും, ഹരിയാനയെയുമാണ് ഉപരോധം കൂടുതൽ ബാധിച്ചത്. ഡൽഹിയിലെ ഐടിഒയിൽ റോഡ് ഉപരോധിക്കാൻ ശ്രമിച്ച ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ ഉൾപ്പെടെ 30 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കി.
റിപ്പബ്ലിക് ദിനത്തിലെ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അതീവ ജാഗ്രതയിലായിരുന്നു ഡൽഹി പൊലീസ്. ട്രാക്ടർ റാലിക്കിടെ സംഘർഷമുണ്ടായ ചെങ്കോട്ട, ഐടിഒ എന്നിവിടങ്ങളിൽ പഴുതടച്ച സുരക്ഷ. 50,000 പൊലീസ്, അർദ്ധസൈനിക വിഭാഗങ്ങളെയാണ് ഡൽഹിയിൽ സുരക്ഷക്കായി വിന്യസിച്ചിരുന്നത്. മുൻകരുതലിന്റെ ഭാഗമായി 10 മെട്രോ സ്റ്റേഷനുകളും അടച്ചു.