സർക്കാരിന്റെ വീഴ്‌ചകൾ മൂലം വിദ്യാർത്ഥികൾക്ക്  സുരക്ഷാ വീഴ്‌ച ഉണ്ടാകരുത്: രാഹുൽ ഗാന്ധി
Top News

സർക്കാരിന്റെ വീഴ്‌ചകൾ മൂലം വിദ്യാർത്ഥികൾക്ക് സുരക്ഷാ വീഴ്‌ച ഉണ്ടാകരുത്: രാഹുൽ ഗാന്ധി

കോവിഡ് പ്രതിസന്ധിക്കിടെ നീറ്റ് - ജെഇഇ പരീക്ഷകളുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം നടന്നു.

News Desk

News Desk

ന്യൂഡൽഹി: നീറ്റ് - ജെഇഇ പരീക്ഷകളുടെ കാര്യത്തിൽ സർക്കാർ സമവായത്തിനു തയ്യാറാകണമെന്ന് കോൺഗ്രസ്‌ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. സർക്കാരിന്റെ വീഴ്ചകൾ മൂലം വിദ്യാർത്ഥികൾക്ക് സുരക്ഷാ വീഴ്‌ചകൾ ഉണ്ടാകരുതെന്നും രാഹുൽ ട്വീറ്റ് ചെയ്തു. സ്പീക്ക് അപ്പ് ഫോർ സ്‌റ്റുഡന്റ് സേഫ്റ്റി എന്ന പേരിൽ ദേശിയ തലത്തിൽ നടത്തിയ ഓൺലൈൻ കാമ്പയിന്റെ ഭാഗമായി രാഹുൽ ഗാന്ധി സമൂഹ മാധ്യമങ്ങളിലൂടെ സംസാരിച്ചു.

കോവിഡ് പ്രതിസന്ധിക്കിടെ നീറ്റ് - ജെഇഇ പരീക്ഷകളുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം നടന്നു. പി. സി.സികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു.

ഈ വര്‍ഷത്തെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്. പരീക്ഷകള്‍ റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി ഈ മാസം പതിനേഴിന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പുന:പരിശോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പരീക്ഷകള്‍ നടത്താനുള്ള തീരുമാനം വിദ്യാര്‍ഥികളുടെ ജീവന്‍ അപകടപ്പെടുത്തുന്നതാണ്. രാജ്യമെമ്പാടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുമ്പോള്‍ പരീക്ഷകള്‍ക്ക് നടത്താനുള്ള തീരുമാനം മതിയായ ആലോചനകളില്ലാത്തതും ഏകപക്ഷീയവുമാണെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയുള്ള പ്രതിപക്ഷ സര്‍ക്കാരുകളുടെ നീക്കം കേന്ദ്ര സര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നതാണ്.

Anweshanam
www.anweshanam.com