ജലീലിന്റെ രാജി: സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം; പലയിടത്തും പൊലീസ് ലാത്തിചാര്‍ജ്

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് സംസ്ഥാനത്തെ പ്രതിപക്ഷ സംഘടനകള്‍.
ജലീലിന്റെ രാജി: സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം; പലയിടത്തും പൊലീസ് ലാത്തിചാര്‍ജ്

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് സംസ്ഥാനത്തെ പ്രതിപക്ഷ സംഘടനകള്‍. മന്ത്രി കെടി ജലീലിനും ഇപി ജയരാജനും എതിരായ ശക്തമായ പ്രതിഷേധങ്ങളാണ് നാലാം ദിവസമായ ഇന്നും സംസ്ഥാനത്തുടനീളം നടക്കുന്നത്.

സെക്രട്ടറിയേറ്റിന് മുന്‍പില്‍ പൊലീസ് ബാരിക്കേഡ് കടന്ന് മുന്നേറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഷാഫി പറമ്പില്‍ എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ ശബരീനാഥന്‍ എംഎല്‍എ എന്നിവരെ ഉള്‍പ്പടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സെക്രട്ടറിയേറ്റ് നടയില്‍ യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തി വീശി. ഒരു പ്രവര്‍ത്തകന്റെ കണ്ണിന് പരുക്കേറ്റിട്ടുണ്ട്. പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്.

പാലക്കാടും യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തില്‍ പൊലീസുമായി ഉന്തും തളളുമുണ്ടായി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് കളക്ടറേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷമായത്. കണ്ണൂരില്‍ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തില്‍ മന്ത്രി ഇപി ജയരാജന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com