
കൊച്ചി: എന്‍ഫോഴ്സ്മെന്റിന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. താന്‍ രോഗബാധിതനാണെന്നും ഒരുപാട് സമയം ചോദ്യം ചെയ്യലിന് വിധേയനാകുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
തന്നെ ഏത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സിഎം രവീന്ദ്രന് ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഡിസംബര്‍ 17ന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഇഡിയുടെ സമന്‍സ് ലഭിച്ചതോടെയാണ് ഇത് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യമടക്കം ഉന്നയിച്ച് രവീന്ദ്രന് കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം, സി എം രവീന്ദ്രനോട് ഇഡി ആവശ്യപ്പെട്ടത് ഒമ്പത് രേഖകളാണ്. രവീന്ദ്രന്റേയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആദായ നികുതി രേഖകള്‍, കുടുംബത്തിന്റെ മുഴുവന്‍ സ്വത്ത് വിവരങ്ങള്‍, വിദേശയാത്രക്ക് പണം മുടക്കിയവരുടെ വിവരങ്ങള്‍, വിദേശ യാത്ര യുടെ വിശദാംശങ്ങള്‍ അഞ്ച് വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.