കോവി‍ഡ് ചികിത്സ; കാരുണ്യ പദ്ധതിയിൽ അംഗമല്ലാത്തവർക്ക് സ്വകാര്യ ആശുപത്രികളില്‍ ഇളവുകളില്ല
Top News

കോവി‍ഡ് ചികിത്സ; കാരുണ്യ പദ്ധതിയിൽ അംഗമല്ലാത്തവർക്ക് സ്വകാര്യ ആശുപത്രികളില്‍ ഇളവുകളില്ല

സർക്കാർ റഫർ ചെയ്യുന്നവർക്കും കാസ്പ് പദ്ധതിയിൽ ഉള്ളവർക്കും ചികിത്സ സൗജന്യമാണ്.

By News Desk

Published on :

തിരുവനന്തപുരം: സർക്കാർ ഇൻഷുറൻസ് ഇല്ലാത്തവർ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്ക് ആശുപതികൾ നിശ്ചയിക്കുന്ന നിരക്ക് നല്കണമെന്ന് സർക്കാർ നിർദേശം. ഇതോടെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരിൽ നിന്ന് സ്വകാര്യ ആശുപത്രികൾക്ക് പരിധിയിൽ കവിഞ്ഞ നിരക്ക് ഈടാക്കാനാകും. സർക്കാർ റഫർ ചെയ്യുന്നവർക്കും കാസ്പ് പദ്ധതിയിൽ ഉള്ളവർക്കും സൗജന്യമാണ്. കോവിഡ് കവച് , കോവിഡ് രക്ഷാ ഇൻഷുറൻസ് എന്നിവ ഉള്ളവർക്ക് ബന്ധപ്പെട്ട ആശുപത്രികളിൽ സൗജന്യം ലഭിക്കും.

അതേ സമയം സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കരുതെന്നും സർക്കാർ മാർഗരേഖയിൽ പറയുന്നു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും, സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റഫര്‍ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ച് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.

സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരം, കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെയാണ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നത്. ജനറല്‍ വാര്‍ഡ് 2300 രൂപ, ഐസിയൂ 6500 രൂപ, ഐസിയൂ വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകള്‍. ഇതിന് പുറമേ പിപിഇ കിറ്റിനുള്ള ചാര്‍ജും ഈടാക്കാവുന്നതാണ്.

Anweshanam
www.anweshanam.com