പ്രധാനമന്ത്രി ഇന്ന് കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും

കര്‍ഷക പ്രക്ഷോഭത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ നയം പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കും.
പ്രധാനമന്ത്രി ഇന്ന് കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും

ന്യൂ ഡല്‍ഹി: പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും. കര്‍ഷക പ്രക്ഷോഭത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയം പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കും. മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്യാന്‍ ബിജെപി സംഘടിപ്പിച്ച സമ്മേളനത്തില്‍ വെര്‍ച്വലായാകും പ്രധാനമന്ത്രി പങ്കെടുക്കുക.

ഉച്ചക്ക് രണ്ടിന് നടക്കുന്ന കര്‍ഷകരുടെ സമ്മേളനത്തെ ആണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. നിയമം പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച് നില്‍ക്കും എന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ഇന്നത്തെ നിലപാട് വ്യക്തമാക്കലിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കത്തെഴുതിയിരുന്നു.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 23ആം ദിവസത്തിലേക്ക് കടന്നു. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. ദേശീയപാത ഉപരോധം തുടരുകയാണ്. അതിനാല്‍ സമരത്തെ മറികടക്കാനുള്ള എല്ലാ മാര്‍ഗങ്ങളും തേടുകയാണ് സര്‍ക്കാര്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com