പ്രധാനമന്ത്രിക്ക് എഴുപതാം പിറന്നാൾ

സേവനവാരത്തിന് തുടക്കം കുറിച്ച് ബിജെപി
പ്രധാനമന്ത്രിക്ക് എഴുപതാം പിറന്നാൾ

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാൾ. സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപിയുടെ ആഘോഷം. ആറുവർഷം കൊണ്ട് ലോകത്തെ കരുത്തരായ ഭരണാധികാരികളിൽ ഒരാളായി മാറിയാണ് മോദി യാത്ര തുടരുന്നത്.

കുടുംബം വേണ്ടെന്ന് തീരുമാനിച്ച് ആർഎസ്എസിലൂടെ സമൂഹത്തിലേക്കിറങ്ങിയ മോദി കഠിനാധ്വാനത്തിലൂടെ, ഉറച്ച തീരുമാനങ്ങള്‍ നല്‍കിയ ആര്‍ജ്ജവത്തിലൂടെ ഇന്ത്യയുടെ ജനനായകനായി ഉയരുകയായിരുന്നു. അവസരങ്ങൾ കൈവിടാതെയുള്ള തന്ത്രത്തിലൂടെ ആദ്യം സംഘപരിവാർ വോട്ടർമാരുടെ ഹീറോയും 2014ൽ ഭരണവിരുദ്ധ വികാരത്തിന്‍റെ പ്രതീകവുമായി മോദി ഉയർന്നു. കൂടുതൽ തിളക്കമാർന്ന വിജയത്തോടെ 2019ൽ അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി. ശ്രദ്ധേയമായ ഇടപെടലുകളിലൂടെ ലോകമാകെ ശ്രദ്ധിക്കപ്പെടുന്ന നേതാവായി നരേന്ദ്ര മോദി വളർന്നു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇത്തവണ പതിവ് ആഘോഷങ്ങളില്ലാതെയാണ് മോദിയുടെ പിറന്നാൾ. 2014ന് ശേഷമുള്ള എല്ലാ പിറന്നാൾ ദിനത്തിലും നരേന്ദ്ര മോദി അമ്മ ഹീരാബായിയെ സന്ദർശിച്ചിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ അതും പ്രധാനമന്ത്രി ഒഴിവാക്കി.

സെപ്റ്റംബര്‍ 20വരെ നീളുന്ന 'സേവനവാര' പരിപാടികളാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള പരിപാടികളാണ് ബിജെപി രാജ്യത്താകമാനം നടത്തുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പരിപാടിയെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.

പ്രധാനമന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് മോദി സർക്കാരിന്‍റെ നേട്ടങ്ങൾ ഊന്നിപ്പറയാൻ രാജ്യത്താകമാനം 70 വെര്‍ച്വല്‍ റാലികളും ബിജെപി നടത്തുന്നുണ്ട്. പാർട്ടി പരിപാടികൾക്കുപുറമെ പ്രവർത്തകർ സ്വന്തം നിലയ്ക്കും പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷിക്കുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com