
ന്യൂഡല്‍ഹി: രാജ്യം കർഷകരോട് കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കർഷകരും സൈനികരും രാജ്യത്തിന്റെ നട്ടെല്ലാണെന്നും രാഷ്ട്രപതി റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ പറഞ്ഞു.
രാജ്യത്തെ എല്ലാ പൗരൻമാർക്കും രാഷ്ട്രപതി റിപ്പബ്ലിക്ക് ദിന ആശംസകൾ നേർന്നു. എല്ലാവരും ഭരണഘടന അനുസരിക്കാൻ ബാധ്യസ്ഥരാണന്നും രാഷ്ട്രപതി രാജ്യത്തെ ഓർമ്മിപ്പിച്ചു.
പ്രകൃതിയുടെ പല പ്രതികൂല സാഹചര്യങ്ങളിലും മറ്റ് നിരവധി വെല്ലുവിളികള്‍ക്കിടയിലും കോവിഡ് മഹാമാരിക്കാലത്തും നമ്മുടെ കര്‍ഷകരാണ് കാര്‍ഷിക ഉത്പാദനം നിലനിര്‍ത്തിയതെന്നും രാഷ്ട്രപതി പറഞ്ഞു. ഈ രാജ്യവും സർക്കാരും മുഴുവൻ ജനങ്ങളും കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർ വലിയ പങ്ക് വഹിച്ചുവെന്ന് പറഞ്ഞ രാഷ്ട്രപതി വാക്സീന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.
കോവിഡ് വാക്സിനെടുക്കാനും അദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടു. ഭരണകൂടവും ആരോഗ്യ സംവിധാനങ്ങളും പൂര്‍ണ സന്നദ്ധതയോടെയാണ് വാക്സിനേഷൻ യജ്ഞത്തിനായി പ്രവര്‍ത്തിക്കുന്നത്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വാക്സിൻ എടുക്കാന്‍ ഈ സന്ദര്‍ഭത്തില്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുകയാണെന്നും രാഷ്ട്രപടി പറഞ്ഞു.
പട്ടാളക്കാർ നടത്തിയ ത്യാഗങ്ങളെയും രാഷ്ട്രപതി പരാമർശിച്ചു. "കഴിഞ്ഞ വര്‍ഷം പ്രതികൂല സമയമായിരുന്നു, അത് പല മേഖലകളിലും നിഴലിച്ചു. അതിര്‍ത്തിയില്‍ ഒരു കയ്യേറ്റ നീക്കത്തെ നമ്മള് നേരിട്ടു, നമ്മുടെ ധീരരായ സൈനികര്‍ ആ ശ്രമം പരാജയപ്പെടുത്തി. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, അവരില്‍ 20 പേര്‍ക്ക് ജീവന് കൈവെടിയേണ്ടിവന്നു. ധീരരായ സൈനികരോട് രാഷ്ട്രം നന്ദിയുള്ളവരായിരിക്കും", രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.