മുൻ രാഷ്​ട്രപതി പ്രണബ്​ കുമാർ മുഖർജി അന്തരിച്ചു
Top News

മുൻ രാഷ്​ട്രപതി പ്രണബ്​ കുമാർ മുഖർജി അന്തരിച്ചു

ഡൽഹി ആർമി റിസർച്ച് ആശുപത്രിയിൽ തിങ്കളാഴ്​ച വൈകീട്ട്​ 5.50 ഓടെയായിരുന്നു അന്ത്യം അന്ത്യം.

News Desk

News Desk

ന്യൂഡൽഹി: ഇന്ത്യയുടെ പതിമൂന്നാമത്​ രാഷ്​ട്രപതിയായിരുന്ന പ്രണബ്​ കുമാർ മുഖർജി (84) അന്തരിച്ചു. ഡൽഹി ആർമി റിസർച്ച് ആശുപത്രിയിൽ തിങ്കളാഴ്​ച വൈകീട്ട്​ 5.50 ഓടെയായിരുന്നു അന്ത്യം അന്ത്യം. ആഗസ്റ്റ് 10നാണ് പ്രണബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ആരോഗ്യനില ഗുരുതരമായ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഇതിനിടെ, കോവിഡ് പരിശോധന പോസിറ്റീവ് ആകുകയും ചെയ്തതോടെ നില വഷളാവുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

കോൺഗ്രസ്​ ഭരണത്തിൽ ധനം, വിദേശകാര്യം, പ്രതിരോധം വകുപ്പുകളിലും വിവിധ കാലങ്ങളിൽ മന്ത്രിയായിരുന്നു. ഇന്ദിര ഗാന്ധിയുടെ വിശ്വസ്​തൻ, കോൺഗ്രസ്​ പാർട്ടി​ക്ക്​ പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന ആൾ, പ്രണബ്​ മുഖർജി വിശേഷിപ്പിക്കപ്പെട്ടത്​ ഇങ്ങനെയൊക്കെയാണ്​. രാജീവ്​ ഗാന്ധിയുടെ കാലത്ത്​ കോൺഗ്രസുമായി പിണങ്ങി സ്വന്തം പാർട്ടിയുണ്ടാക്കിയ ഇടക്കാലത്തൊഴികെ എക്കാലവും കോൺഗ്രസിനൊപ്പമായിരുന്നു പ്രണബ്​. ഒടുവിലത്തെ കാലത്ത്​ ബി.ജെ.പിയോട്​ ചായ്​വ്​ ​പ്രകടിപ്പിക്കുന്നുവെന്ന്​ തോന്നിപ്പിക്കുകയും നാഗ്​പൂരിലെ ആർ.എസ്​.എസ്​ ആസ്​ഥാനം സന്ദർശിക്കുകയും ചെയ്​തത്​ വിവാദമായെങ്കിലും പ്രണബ്​ കോൺഗ്രസിനെ വിട്ട്​ മറ്റെവിടേക്കും പോയില്ല.

Also Read -

മോദിയുടെ 'ഇന്ത്യൻ പട്ടി' പ്രസംഗത്തിന്​ ഡിസ്​ലൈക്കി​െൻറ കൂമ്പാരം

1935 ഡിസംബർ11ന് പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലെ മിറാത്തി ഗ്രാമത്തിൽ സ്വാതന്ത്ര്യ സമരസേനാനിയും എ.ഐ.സി.സി അംഗവുമായ കമദ കിങ്കർ മുഖർജിയുടെയും രാജലക്ഷ്​മിയുടെയും മകനായി ജനിച്ചു. കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ചരിത്രത്തിലും രാഷ്​ട്രമീമാംസയിലും നിയമത്തിലും ബിരുദാനന്തര ബിരുദം നേടിയ മുഖർജി പോസ്​റ്റൽ ആൻഡ്​​ ടെലിഗ്രാഫ് വകുപ്പിൽ കുറച്ചുകാലം ജോലി ചെയ്​തു. 1963 ൽ വിദ്യാനഗർ കോളജിൽ അധ്യാപകനായി. പിന്നീട്​ രാഷ്​ട്രീയത്തിൽ സജീവമാകുന്നതിനു മുമ്പ്​ 'ദശർ ദാക്​' എന്ന പത്രത്തിലും പ്രവർത്തിച്ചിരുന്നു.

പശ്ചിമ ബംഗാൾ കോൺഗ്രസിലൂടെയായിരുന്നു പ്രണബി​​ന്‍റെ രാഷ്​ട്രീയ ​ജീവിതം ആരംഭിക്കുന്നത്​. 1969 ൽ മിഡ്​നാപ്പുർ ഉപതെരഞ്ഞെടുപ്പിൽ മലയാളിയായ വി.കെ. കൃഷ്​ണമേനോ​ന്‍റെ തെരഞ്ഞെടുപ്പ്​ ഏജൻറായി ​പ്രവർത്തിക്കുകയും ലക്ഷത്തിൽപരം വോട്ടുകൾക്ക്​ ജയിക്കുകയും ചെയ്​തത്​ വഴിത്തിരിവായി. പ്രണബി​ന്‍റെ മിടുക്ക്​ ശ്രദ്ധയിൽപെട്ട പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ്​ ദേശീയ രാഷ്​ട്രീയത്തിലേക്ക്​ അദ്ദേഹത്തെ ആനയിച്ചത്​. 1969ൽ രാജ്യസഭാംഗമായി പാർലമെന്‍ററി രാഷ്​ട്രീയത്തിലിറങ്ങിയ പ്രണബ്​ 1975ലും 1981ലും 1993ലും 1999 ലും രാജ്യസഭാംഗമായി.

1973ൽ കേന്ദ്ര വ്യവസായ സഹമന്ത്രിയായി. അടിയന്തരാവസ്​ഥ കാലത്ത്​ ഇന്ദിര ഗാന്ധിയുടെ ഏറ്റവും വിശ്വസ്​തനായിരുന്നു പ്രണബ്​. 1982ൽ ഇന്ദിര ഗാന്ധി മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായ പ്രണബ് കോൺഗ്രസിന്‍റെ രാഷ്​ട്രീയ നയരൂപവത്കരണത്തി​ന്‍റെ മുഖ്യ ആസൂത്രകനായി. ഈ കാലത്താണ്​ മൻമോഹൻ സിങ്ങിനെ റിസർവ്​ ബാങ്ക്​ ഗവർണറായി നിയമിച്ചത്​. 1980 മുതൽ 1985 വരെ രാജ്യസഭയിൽ കോൺഗ്രസി​ന്‍റെ നേതാവുമായിരുന്നു. രാജീവ്​ ഗാന്ധിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തിൽ കോൺഗ്രസ്​ വിട്ട പ്രണബ്​ 'രാഷ്​ട്രീയ സമാജ്​വാദി കോൺഗ്രസ്​' എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയെങ്കിലും പിണക്കം അവസാനിപ്പിച്ച്​ കോൺഗ്രസിൽ ലയിച്ചു.

1991 മുതൽ 1996 വരെ ആസൂത്രണ ബോർഡ്​ ഉപാധ്യക്ഷനായി. 1993 - 1995 കാലത്ത്​ കേന്ദ്ര വാണിജ്യ മന്ത്രിയായ പ്രണബ്​ 1995 -96ൽ വിദേശകാര്യ മന്ത്രിയായി. 2006 - 09ലും ഇതേ വകുപ്പ്​ പ്രണബ്​ കൈകാര്യം ചെയ്​തു. 2004ൽ പശ്ചിമബംഗാളിലെ ജങ്കിപുർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലെത്തി. 2009ലും വിജയം ആവർത്തിച്ചു. 2004 -06 കാലത്ത്​ പ്രതിരോധ മന്ത്രി പദവും വഹിച്ചു. 2009 - 12 കാലത്ത്​ മൻമോഹൻ സിങ്​ മന്ത്രിസഭയിൽ ധനകാര്യ വകുപ്പ്​ കൈകാര്യം ചെയ്​തതും പ്രണബായിരുന്നു. 2012 ജൂലൈ 25ന്​ ഇന്ത്യയുടെ 13ാമത്​ രാഷ്​ട്രപതിയായി അദ്ദേഹം ചുമതലയേറ്റു.

ഐ.എം.എഫ്​, ലോകബാങ്ക്​, എ.ഡി.ബി, ആഫ്രിക്കൻ ​ഡെവലപ്​മെന്‍റ് ബാങ്ക്​ എന്നിവയുമായി നയതന്ത്ര ബന്ധം പുലർത്തിയിരുന്നു. കോമൺവെൽത്ത്​ രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിൽ 1982, 83, 84 കാലങ്ങളിൽ പ​ങ്കെടുത്തു. യു.എൻ ജനറൽ അസംബ്ലിയിൽ ധനകാര്യ മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം പ​ങ്കെടുത്തിട്ടുണ്ട്​. 2008ൽ പത്​മവിഭൂഷൺ നൽകിയ പ്രണബിനെ 2019ൽ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി രാഷ്​ട്രം ആദരിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ പ്രണബി​ന്‍റെ മൂന്നു ഭാഗങ്ങളുള്ള ജീവചരിത്രം ഇന്ത്യൻ രാഷ്​​ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്​ടിച്ചിരുന്നു. രാഷ്​ട്രപതി സ്​ഥാനം വി​ട്ടൊഴിഞ്ഞ ശേഷം 2018 ജൂണിൽ നാഗ്​പൂരിലെ ആർ.എസ്​.എസ്​ ആസ്​ഥാനത്ത്​ ക്ഷണം സ്വീകരിച്ച്​ യോഗത്തിൽ പ​ങ്കെടുത്തത്​ ഏറെ വിവാദമായിരുന്നു.

എഴുത്തും വായനയും ഏറെ ഇഷ്​ടപ്പെട്ടിരുന്ന പ്രണബ്​ മുഖർജി രബീന്ദ്ര സംഗീതത്തി​ന്‍റെ കടുത്ത ആരാധകനുമായിരുന്നു. ഗായികയും ചിത്രകാരിയുമായ സുവ്​റ മുഖർജിയായിരുന്നു ഭാര്യ. 2015ൽ പ്രണബ്​ രാഷ്​ട്രപതിയായിരിക്കെയാണ്​ സുവ്​റ അന്തരിച്ചത്​. കഥക്​ നർത്തകിയും കോൺഗ്രസ്​ ​പ്രവർത്തകയുമായി ഷർമിഷ്​ഠ മുഖർജി, മുൻ പാർലമെന്‍റംഗവും കോ​ൺഗ്രസ്​ നേതാവുമായ അഭിജിത്​ മുഖർജി, ഇന്ദ്രജിത്​ മുഖർജി എന്നിവരാണ്​ മക്കൾ.

Anweshanam
www.anweshanam.com