
ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് പുറത്തു പോകുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു. ഒരു എംഎല്‍എ കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.
സില്‍ഭദ്ര ദത്തയാണ് രാജിവെച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ബംഗാളില്‍ എത്താനിരിക്കെയാണ് എംഎല്‍എമാരുടെ അപ്രതീക്ഷിത രാജി. പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോകുന്ന മൂന്നാമത്തെ എംഎല്‍എയാണ് സില്‍ഭദ്ര. നേരത്തെ സുവേന്ദു അധികാരി, ജിതേന്ദ്ര തിവാരി എന്നിവരും രാജി വച്ചിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് രാജിവച്ച സില്‍ഭദ്ര ദത്ത. കൂടുതല്‍ എംഎല്‍എമാര്‍ സില്ഭദ്രയെ തുണച്ച് പാര്‍ട്ടി വിട്ടേക്കുമെന്നാണ് സൂചന. നേരത്തെ പാര്‍ട്ടിവിട്ട മുകള്‍ റോയിയുമായി അടുത്ത ബന്ധമാണ് സില്ഭദ്രക്കുളളത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ വന്‍ പ്രതീക്ഷയാണ് ബിജെപി വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് മമതയ്ക്ക് വന്‍ ആഘാതമാവുകയാണ്.
അതേസമയം, പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വൈകിട്ട് ഡല്‍ഹിയില്‍ എത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് എത്തണമെന്നാണ് നിര്‍ദശം. ക്രമസമാധാന സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഉദ്യോഗസ്ഥരെ വീണ്ടും ആഭ്യന്തര മന്ത്രാലയം ഡല്‍ഹിയ്ക്ക് വിളിപ്പിച്ചത്.