കേരളത്തില്‍ കനത്ത ജാഗ്രത; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും
Top News

കേരളത്തില്‍ കനത്ത ജാഗ്രത; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗ ബാധിതരുടെ എണ്ണം 1000 കടന്നതോടെ കേരളത്തില്‍ കനത്ത ജാഗ്രത.

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗ ബാധിതരുടെ എണ്ണം 1000 കടന്നതോടെ കേരളത്തില്‍ കനത്ത ജാഗ്രത. രോഗ വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സംസ്ഥാനത്ത് ഇന്നലെ 1038 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ പിടിപ്പെട്ടത്. നാല് ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം 100 കവിഞ്ഞു.

സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സാഹചര്യം ഗുരുതരമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. നിലവില്‍ സംസ്ഥാനത്ത് 397 ഹോട്‌സ്‌പോട്ടുകളാണുള്ളത്.

പുതുതായി മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി കനത്ത ജാഗ്രതയിലാണ്. ഒരു ഡോക്ടര്‍ക്കും രണ്ട് നഴ്‌സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ നേരത്തെ രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു നഴ്‌സിനും രോഗം ബാധിച്ചിരുന്നു. അന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ പരിയാരത്ത് നിരീക്ഷണത്തിലാണ്. സമ്പര്‍ക്ക ഭീതി നിലനില്‍ക്കുന്നതിനാല്‍ കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങള്‍ വൈകിട്ട് അഞ്ചുവരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആലുവയിലും ഏഴ് സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ നിലവില്‍ വന്നു. അര്‍ധരാത്രി മുതലാണ് ആലുവ നഗരസഭ പരിധിയിലും കീഴ്മാട്, ചൂര്‍ണ്ണിക്കര, എടത്തല, ചെങ്ങമനാട്, കരമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ആലുവ മേഖലയില്‍ പടരുന്ന വൈറസ് കൂടുതല്‍ പ്രഹര ശേഷിയുള്ളതാണെന്ന ആരോഗ്യ വകുപ്പിന്റെ നിഗമനത്തെ തുടര്‍ന്നാണ് ഈ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം. ആലുവ ക്ലസ്റ്ററില്‍ ഇന്നലെ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Anweshanam
www.anweshanam.com