
പത്തനംതിട്ട: വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ ഡെല്‍ഹിയില്‍ പിടിയിലായ പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേലിന്റെ മക്കളെ കൊച്ചിയില്‍ എത്തിച്ചു. റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പോപ്പുലര്‍ ഫിനാന്‍സിനെതിരെയുള്ള പരാതികള്‍ പത്തനംതിട്ടയും കടന്ന് സംസ്ഥാനത്താനമൊട്ടാകെ വ്യാപിക്കുകയാണ്. നിലവില്‍ കേസന്വേഷിക്കുന്ന അടുര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം കോന്നി, പത്തനംതിട്ട സ്റ്റേഷനുകളില്‍ കിട്ടിയ പരാതികള്‍ കേന്ദ്രീകരിച്ചാണ്. അതിനിടെ തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്. സംസ്ഥാന വ്യാപകമായി അന്വേഷണം വ്യാപിപ്പിക്കേണ്ടി വന്നാല്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.
അതേ സമയം പത്തനംതിട്ട സബ് കോടതിയില്‍ സ്ഥാപന ഉടമ റോയി ഡാനിയേല്‍ നല്കിയ പാപ്പര്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. അടുത്ത മാസം ഏഴിന് കോടതി വീണ്ടും ഹര്‍ജി പരിഗണിക്കും. പോപ്പുലര്‍ ഫിനാന്‍സ്, പോപ്പുലര്‍ എക്സ്പ്പോട്ടേഴ്സ് , പോപ്പുലര്‍ ഡീലേഴ്സ്, പോപ്പുലര്‍ മിനി ഫിനാന്‍സ്, പോപ്പുലര്‍ പ്രിന്റേഴ്സ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്കിയ നിക്ഷേപകരുടെ നേതൃത്വത്തില്‍ ഇന്ന് വകയാറിലെ ആസ്ഥാനത്തിന് മുന്നില്‍ ധര്‍ണ നടത്തും.