പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന വത്തിക്കാനില്‍ 100 പേരില്‍ താഴെ മാത്രമാണ് പാതിരാ കുര്‍ബാനയില്‍ പങ്കെടുത്തത്
പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍: ക്രിസ്‌തുമസ്‌ ദിനത്തിൽ ലോകം മുഴുവനുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് സന്ദേശം പകർന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പാവപ്പെട്ടവര്‍ക്കുനേരെ കണ്ണടക്കരുതെന്ന് ക്രിസ്തുമസ് സന്ദേശമായി മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. സാധാരണയിലും രണ്ട് മണിക്കൂര്‍ നേരത്തെയാണ് വത്തിക്കാനില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ തുടങ്ങിയത്.

കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന വത്തിക്കാനില്‍ 100 പേരില്‍ താഴെ മാത്രമാണ് പാതിരാ കുര്‍ബാനയില്‍ പങ്കെടുത്തത്. കോവിഡ് ഭീതി കാരണം ബെത്‍‍ലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും പതിവ് തിരക്കുണ്ടായില്ല. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒഴികെ മുഴുവന്‍ ആളുകളും മാസ്ക് ധരിച്ചിരുന്നു.

ഇറ്റലിയില്‍ രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. പ്രാദേശിക സമയം രാത്രി 10 മണിക്ക് മുൻപ് വിശ്വാസികള്‍ക്ക് വീടുകളിലെത്തണമെന്നതിനാലാണ് പ്രാര്‍ത്ഥന നേരത്തെയാക്കിയത്. ജോര്‍ദാനിലും ബെത്‍ലഹേമിലുമെല്ലാം ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇങ്ങനെ തന്നെയാണ്. ദേവാലയങ്ങളില്‍ വളരെ കുറച്ച്‌ പേര്‍ മാത്രമാണ് എത്തിയത്.

അതേസമയം ബ്രസീലില്‍ കോവിഡ് ഭീതിയൊന്നും ജനങ്ങളിലുണ്ടായിരുന്നില്ല. മാര്‍ക്കറ്റുകളില്‍ വലിയ ജനക്കൂട്ടം സജീവമായിരുന്നു. ക്രിസ്മസ് അത്ഭുതമായി കോവിഡ് വാക്സീന്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്രിസ്മസ് സന്ദേശം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com