ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും തടഞ്ഞു; സംഘർഷം
പരസ്പരം ഉന്തും തള്ളും നടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഇതിനിടെ പൊലിസ് രാഹുൽ ഗാന്ധിയെ പിടിച്ച് തള്ളുകയും രാഹുൽ നിലത്ത് വീഴുകയും ചെയ്തു
ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും തടഞ്ഞു; സംഘർഷം

ന്യൂഡൽഹി; ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വാഹനം ഡൽഹി - യുപി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. ഡൽഹിയിലെ ഡിഎന്‍ഡി ഫ്ലൈ ഓവറില്‍ നിന്ന് യമുന എക്സ്പ്രസ് വേയിലേക്ക് എത്തിയപ്പോഴേക്ക് രാഹുലിന്‍റെയും പ്രിയങ്കയുടെയും വാഹനം ഉത്തര്‍പ്രദേശ് പൊലീസ് എത്തി തടഞ്ഞത്. പോലീസുമായുണ്ടായ ഉന്തിലും തള്ളിലും രാഹുൽ ഗാന്ധി നിലത്ത് വീണു.

തടഞ്ഞാലും യാത്രയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ് രാഹുലും പ്രിയങ്കയും വാഹനത്തില്‍ നിന്ന് ഇറങ്ങി നടക്കാന്‍ തുടങ്ങിയതോടെ പൊലീസ് വീണ്ടും എത്തി ഇവരെ തടഞ്ഞു. കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇരുവരും. എന്നാൽ രാഹുലും പ്രിയങ്കയും കരുതൽ തടങ്കലിലെന്ന് പൊലീസ്.

''ഇപ്പോള്‍ പൊലീസെന്നെ തള്ളിയിട്ടു, ലാത്തി കൊണ്ടടിച്ചു, നിലത്തേക്ക് വലിച്ചെറിഞ്ഞു. ഈ നാട്ടില്‍ മോദിക്ക് മാത്രമേ നടക്കാന്‍ അവകാശമുള്ളൂ? സാധാരണ മനുഷ്യന് നടക്കാനാകില്ലേ? ഞങ്ങളുടെ വാഹനം തടഞ്ഞു. അതിനാലാണ് ഞങ്ങള്‍ നടക്കാന്‍ തീരുമാനിച്ചത്'', രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുലും പൊലീസും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമാണ് ഉണ്ടായത്. പരസ്പരം ഉന്തും തള്ളും നടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഇതിനിടെ പൊലിസ് രാഹുൽ ഗാന്ധിയെ പിടിച്ച് തള്ളുകയും രാഹുൽ നിലത്ത് വീഴുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

അതേസമയം, ഗാന്ധി കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ഹഥ്റസ് ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മേഖല പൂര്‍ണമായും അടച്ചിടാനും ഡിഎം നിര്‍ദേശം നല്‍കി.

Related Stories

Anweshanam
www.anweshanam.com